കൊച്ചി: ആലപ്പുഴക്കാരി കാര്‍ത്യായനി അമ്മ തന്റെ 96-ാം വയസില്‍ തുല്യതാ പരീക്ഷ എഴുതി ചരിത്രം കുറിച്ചതു കഴിഞ്ഞ വര്‍ഷമായിരുന്നു. ഒപ്പം, തന്നെപ്പോലെ പ്രായമായെന്ന് കരുതി ആഗ്രഹങ്ങളെ അവഗണിക്കുന്നവര്‍ക്കൊരു പ്രചോദനം കൂടിയായി മാറുകയായിരുന്നു അവർ. കാര്‍ത്യായനി അമ്മയുടെ വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ, 105-ാം വയസില്‍ തുല്യതാ പരീക്ഷ എഴുതി പുതിയ ചരിത്രവും പുതു ആവേശവുമായി മാറുകയാണ് ഭഗീരഥി അമ്മ.

അഞ്ചു മക്കളുടെ അമ്മയും 13 പേർക്കു മുത്തശ്ശിയുമായ ഭഗീരഥി അമ്മ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതിയാണു ചരിത്രത്തിൽ ഇടം നേടിയത്. കേരള സാക്ഷരത മിഷന്റെ തുല്യതാ പരീക്ഷയുടെ ഭാഗമായാണ് ഭഗീരഥി അമ്മ പരീക്ഷയെഴുതിയത്. നാലാം ക്ലാസിലെ മൂന്ന് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. മലയാളം, കണക്ക്, പരിസര പഠനം. ഭഗീരഥി അമ്മയുടെ വീട്ടില്‍ തന്നെയായിരുന്നു പരീക്ഷ നടത്തിയത്. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തകരും പഞ്ചായത്ത് മെമ്പര്‍മാരുമായിരുന്നു പരീക്ഷയുടെ ഇന്‍വിജിലേറ്റേർമാർ.

സാക്ഷരതാ മിഷന്റെ ഭാഗമായി തുല്യതാ പരീക്ഷ എഴുതുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന റെക്കോര്‍ഡ് ഭഗീരഥി അമ്മ സ്വന്തമാക്കി. നാടിന് അഭിമാനമായി മാറിയ ഭഗീരഥി അമ്മയെ പഞ്ചായത്ത് ആദരിക്കുകയും ചെയ്തു. അതേസമയം, രാജ്യത്തു തന്നെ തുല്യതാ പരീക്ഷ എഴുതിയ ഏറ്റവും പ്രായം ചെന്ന വ്യക്തിയുമാകാനുള്ള സാധ്യതയും ഭഗീരഥി അമ്മയ്ക്കുണ്ട്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഭഗീരഥി പഠനം നിര്‍ത്തിയത്. അന്ന് പ്രായം ഒമ്പതായിരുന്നു.അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പഠനം ഉപേക്ഷിച്ചത്. അവര്‍ക്ക് താഴെ അഞ്ച് സഹോദരങ്ങളുണ്ടായിരുന്നു. അവരെ നോക്കാനായിരുന്നു പഠനം വേണ്ടെന്നു വച്ചത്. ചെറുപ്പത്തില്‍ തന്നെ വിവാഹവും കഴിഞ്ഞു. പിന്നാലെ അമ്മയുമായി. അതോടെ പഠനമെന്നത് ഓര്‍മയില്‍പോലും ഇല്ലാതായി.

ഇപ്പോള്‍ മക്കളുടെയും കൊച്ചുമക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും പ്രയത്‌ന ഫലമായാണ് ഭഗീരഥി അമ്മ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുസ്തകമെടുത്തത്. ”ഈ പ്രായത്തില്‍ അവര്‍ പരീക്ഷ എഴുതുന്നുവെന്നത് ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ വര്‍ഷം കാര്‍ത്യായനി അമ്മ പരീക്ഷ എഴുതിയതാണ് അവര്‍ക്കു പ്രചോദനമായത്. ഞങ്ങള്‍ക്കുമത് ആത്മവിശ്വാസം നല്‍കി” സാക്ഷരതാ മിഷന്റെ പ്രവര്‍ത്തകനായ കെ.ബി.വസന്തകുമാര്‍ പറയുന്നു.

”ഭഗീരഥി അമ്മയെ പഠിപ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല. അവര്‍ക്ക് നല്ല ഓര്‍മ ശക്തിയുണ്ട്. നന്നായി പാടുകയും ചെയ്യും. വിഷയങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. വളരെ പെട്ടെന്നു തന്നെ അവര്‍ എല്ലാം പഠിച്ചു. ആകെയുണ്ടായിരുന്ന പ്രശ്‌നം കുറെ നേരം തുടര്‍ച്ചയായി എഴുതുമ്പോള്‍ ക്ഷീണിക്കുമെന്നതായിരുന്നു. അതുകൊണ്ടാണ് മൂന്ന് പരീക്ഷയും വേറെ വേറെ ദിവസങ്ങളിലായി നടത്തിയത്. പരീക്ഷാകേന്ദ്രത്തിലേക്ക് വരാന്‍ കഴിയാത്തതുകൊണ്ട് വീട്ടില്‍ വച്ചുതന്നെ എഴുതിച്ചു” കുമാര്‍ പറഞ്ഞു. 20 ദിവസത്തിനുള്ളില്‍ പരീക്ഷയുടെ ഫലം വരും.

ഇളയമകള്‍ തങ്കമണിയ്‌ക്കൊപ്പമാണ് ഭഗീരഥി അമ്മ ഇപ്പോള്‍ താമസിക്കുന്നത്. മൂത്തമകന്‍ തുളസീധരന്‍ പിള്ള സാമ്പത്തികമായി സഹായിക്കുന്നുണ്ട്.

Click Here to Read More in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.