തിരുവനന്തപുരം: കന്നുകാലി കശാപ്പു തത്ത്വത്തില്‍ വിലക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നിലപാടുള്ള മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്. ഇന്ത്യയില്‍ മതനിരപേക്ഷ ശക്തികളുടെ ഐക്യനിര കെട്ടിപ്പെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായിരിക്കും ഈ നീക്കം എന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“അധികാരത്തിന്റെ ശൂലം തറച്ച് നമ്മുടെ നാവുകളെ സവര്‍ണഭക്ഷണശീലത്തിനു വഴങ്ങാന്‍ കല്‍പ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യമെമ്പാടുമുള്ള മതനിരപേക്ഷ ശക്തികളുടെ ഐക്യനിര കെട്ടിപ്പെടുക്കാനുള്ള മുന്‍കൈയെടുക്കുകയാണ് കേരളം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. കന്നുകാലി കശാപ്പു തത്ത്വത്തില്‍ വിലക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നിലപാടുള്ള മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം മുഖ്യമന്ത്രി സ. പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ മതനിരപേക്ഷ ശക്തികളുടെ ഐക്യനിര കെട്ടിപ്പെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായിരിക്കും ഈ നീക്കം എന്നു പ്രതീക്ഷിക്കാം.” തോമസ് ഐസക് വ്യക്തമാക്കി.
“ജനാധിപത്യ മാര്ഗങ്ങള്‍ക്കു പുറമെ, കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമത്തിന്റെ വഴികളും കേരളം ഉപയോഗിക്കും. ഇക്കാര്യങ്ങള്‍ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനു പരിധികളുണ്ട്. ആ പരിധി തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കും. പൗരനും സംസ്ഥാനങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നത് നിയമം അംഗീകരിച്ചിട്ടുണ്ട്.കോടതി പരിശോധിക്കണം. നിയമവിദഗ്ധരും ഭരണഘടനാ വിദഗ്ധരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നിയമവശങ്ങള്‍ പരിശോധിച്ച് സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ച വിഷയത്തിന്മേലാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനമെന്നത് ഒട്ടും യാദൃശ്ചികമല്ല. കശാപ്പില്‍നിന്നും കള്ളക്കടത്തില്‍ നിന്നും കന്നുകാലികളെ സംരക്ഷിക്കാനുള്ള ഏകീകൃത നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിനീത് സഹായി എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതി തള്ളിക്കളഞ്ഞിരുന്നു. കാലികളുടെ നിയമവിരുദ്ധമായ അന്തര്‍സംസ്ഥാന കടത്തിനെതിരെ സുപ്രിംകോടതിയുടെ പല ഉത്തരവുകളും നിലവിലുണ്ടെന്നും ഹര്‍ജിയിലെ ആവശ്യം കണക്കിലെടുത്താല്‍ അവ തന്നെ ധാരാളമാണെന്നുമായിരുന്നു സുപ്രംകോടതി നിരീക്ഷണം”, അദ്ദേഹം പറഞ്ഞു.
“ആ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേരളത്തിന്റെ കാര്യം എടുത്തു പറഞ്ഞിരുന്നു. കേരളത്തില്‍ കശാപ്പു അനുവദിച്ചിരിക്കുന്നത് നിയമവിരുദ്ധമായ അന്തര്‍സംസ്ഥാന കാലിക്കടത്തിനു കാരണമാകുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പരമാര്‍ശം. കേരളീയരുടെ ഭക്ഷണശീലങ്ങള്‍ കേരളത്തിനു പുറത്തുള്ളവരെ അസ്വസ്ഥരാക്കുന്നുണ്ട്. ആഹാരം സംബന്ധിച്ച നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ എന്ന ലക്ഷ്യം കൂടി വിനീത് സഹായിയുടെ പൊതുതാല്‍പര്യ ഹര്‍ജിയ്ക്കുണ്ടായിരുന്നു എന്നു വ്യക്തമാണ്. കേരളത്തിന്റെ കാര്യം ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടതു വഴി ആ ഉള്ളിലിരിപ്പാണ് പുറത്തുവന്നതെന്നും തോമസ് ഐസക് പറഞ്ഞു.
വിനീത് സഹായിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. കാലിക്കശാപ്പ് തത്ത്വത്തില്‍ വിലക്കുന്ന ഈ വിജ്ഞാപനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം കേരളീയരാണെന്നു സംശയിക്കാന്‍ ന്യായമേറെയാണ്. ഒറ്റക്കെട്ടായി ഈ നീക്കം ചെറുക്കുക തന്നെ വേണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.