scorecardresearch
Latest News

‘പ്രതിരോധമാണ് പ്രതിവിധി’; പോരാട്ടം ഫലം കണ്ടു തുടങ്ങി, ജാഗ്രത വേണം: ആരോഗ്യമന്ത്രി

ഇന്ന് കൂടുതൽ നെഗറ്റീവ് ഫലങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു

‘പ്രതിരോധമാണ് പ്രതിവിധി’; പോരാട്ടം ഫലം കണ്ടു തുടങ്ങി, ജാഗ്രത വേണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പോസീറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ജാഗ്രതയും സമൂഹ അകലവും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പും പൊലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ കോൺടാക്ട് ട്രേസിങ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഏറെ സഹായകമായെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

വിഷു ആഘോഷങ്ങള്‍ സമൂഹ അകലം പാലിച്ച് നടത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ സമ്പർക്കങ്ങൾ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക ഫലപ്രദമായി തയാറാക്കാനായി. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധിക്കുന്നുണ്ട്.

വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളോട് ജനങ്ങള്‍ സഹകരിക്കണം. നേരിയ രോഗലക്ഷണവുമായി വരുന്നവരെ പോലും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. പത്ത് പേർക്ക് ചികിത്സ വേണ്ടപ്പോൾ ആയിരം പേരെ മുന്നിൽ കണ്ടുള്ള സൗകര്യങ്ങളൊരുക്കിയതും നമുക്ക് നേട്ടമായി.

Read More: ഒരുമുഴം മുമ്പേ എറിഞ്ഞ് ജനങ്ങൾ; മാര്‍ച്ചില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത് നാലിരട്ടി തുക

ചികിത്സാ രംഗത്തെ കാര്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്ല പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നത്. ആന്റി ബോഡി ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. കിറ്റുകള്‍ എത്തുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്താന്‍ സാധിക്കും. അതേസമയം, കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലും അയൽ സംസ്ഥാനങ്ങളിൽ രോ​ഗം പടരുന്നത് ആശങ്കാജനകമാണെന്നും എല്ലായിടത്തും കോവിഡ് നിയന്ത്രണവിധേയമാകണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി ബയോ ടെക്‌നോളജി എന്നിവിടങ്ങളില്‍ റിസര്‍ച്ചുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരും ഐസിഎംആറും അനുമതി നല്‍കിയിട്ടുണ്ട്. പ്രവാസികളെ നാട്ടില്‍ കൊണ്ടു വരുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ നിരീക്ഷണത്തിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം ജീവനോപാധിയും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ ആശ്വാസകരമാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല തീരുമാനങ്ങളും നടപടികളും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Keralas fight against covid 19 is getting results

Best of Express