മാവോയിസ്റ്റുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയുധം താഴെ വച്ച് ശേഷം മാത്രമേ ചർച്ചയ്ക്കൂളളുവെന്നും ആയുധം താഴെ വച്ച ശേഷം അറിയിച്ചാൽ മാവോയിസ്റ്റുകളുമായി ചർച്ചാവേദിയിൽ കണ്ടുമുട്ടാമെന്നും അദ്ദേഹം പറയുന്നു. കോയമ്പത്തൂർ ജയിലിൽ തടവിൽ കഴിയുന്ന മാവോയിസ്റ്റ് പ്രവർത്തകൻ രൂപേഷ് എഴുതിയ കത്തിന് ഫെയ്‌സ്ബുക്കിൽ നൽകിയ മറുപടിയിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറയുന്നത്.
ഇടതുപക്ഷ സർക്കാർ സ്വീകരിച്ചിരിക്കുന്ന നയങ്ങളെ എണ്ണിയെണ്ണി വിമർശിക്കുമ്പോൾ തന്നെ പുതിയ ചർച്ചയ്ക്കുള്ള വാതിൽ രൂപേഷ് തുറന്നിട്ടുണ്ടെന്നും അത് ശുഭ സൂചകമാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു
രമേശിന്റെ ഫേസ് ബുക്ക് കുറുപ്പിന്റെ പൂർണരൂപം:
കോയമ്പത്തൂർ ജയിലിൽ നിന്നും രൂപേഷ് എനിക്ക് കത്തെഴുതിയിരുന്നു. മാവോയിസ്റ്റ് വേട്ട സംസ്ഥാന പോലീസ് ശക്തമാക്കിയതും കുപ്പുരാജ് ,അജിത എന്നിവർ വെടിയേറ്റ് മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലായിരുന്നു കത്ത്. കടുത്ത പ്രമേഹ രോഗിയായിരുന്ന കുപ്പുരാജ് , കണ്ണിനു കാഴ്ച കുറഞ്ഞു വരുന്ന അജിത എന്നിവർ കീഴടങ്ങാൻ തയാറായിരുന്നിട്ടും വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് രൂപേഷ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇടത് പക്ഷസർക്കാർ സ്വീകരിച്ച നയങ്ങളെ എണ്ണിയെണ്ണി വിമർശിക്കുമ്പോൾ തന്നെ പുതിയ ചർച്ചയ്ക്കുള്ള വാതിൽ തുറന്നിടാനും രൂപേഷ് തയാറാകുന്നത് ശുഭ സൂചകമായിട്ടാണ് കാണുന്നത്. ചർച്ചകൾക്കു മുൻകൈ എടുക്കണമെന്നും എന്റെ പിന്തുണ ആവശ്യപ്പെട്ടുമാണ് കത്ത് എഴുതിയത്.
രാജ്യത്തു വളർന്നു വരുന്ന അസമത്വവും സാമൂഹ്യ നീതി നിഷേധവും നമ്മെ പിന്നോട്ട് അടിക്കുന്നു എന്നത് സത്യമാണ്. സ്വാതന്ത്ര്യം ലഭിച്ച കാലത്തെ അപേക്ഷിച്ചു നിരവധിപേർ പട്ടിണി പട്ടികയിൽ നിന്നും പുറത്തു വന്നിട്ടുണ്ടെങ്കിലും ഗതിവേഗം പോരാ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഈ അഭിപ്രായത്തിൽ രൂപേഷിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നു എങ്കിലും ഇതിനു പരിഹാരം തേടുന്ന കാര്യത്തിൽ എനിക്ക് വ്യത്യസ്ത കാഴ്ചപ്പാടാണ് ഉള്ളത്. ലോകത്ത്ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത് . ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് വേണം പരിഹാരം കണ്ടുപിടിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.
`മനുഷ്യകുലത്തിന്റെ പക്കലുള്ളതിൽ ഏറ്റവും മഹത്തായ ശക്തിയാണ് അഹിംസ. മനുഷ്യൻ, അവന്റെ വൈഭവത്താൽ കണ്ട് പിടിച്ചിട്ടുള്ള ഏറ്റവും വിനാശകരമായ ആയുധത്തെക്കാളും ശക്തമാണത്.“എന്ന രാഷ്ട്രപിതാവിന്റെ വാക്കുകളെ മുറുകെ പിടിച്ചു നീങ്ങണം. പോരാടാനുള്ള വഴിയാണ് മഹാത്മാഗാന്ധി നമ്മുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നു . ഇതൊരു വിജയിച്ച പാത കൂടിയാണ് എന്നോർക്കണം.
രാജ്യത്ത് മുപ്പത് കോടിയിലേറെ ആളുകളുടെ ദിവസ വരുമാനം ഇരുപത് രൂപയിൽ താഴെയാണ്. ഗ്ലോബൽ ഹങ്കർ ഇൻഡക്സിലും നിരാശയാണ് . പോഷകാഹാര കുറവ് കൊണ്ട് സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ മരണം നിയന്ത്രിക്കാൻ കഴിയുന്നില്ല. തൊഴിലില്ലായ്‌മ 17.8 മില്യൺ ആയി ഉയർന്നു. ആശങ്കപ്പെടേണ്ട കാര്യങ്ങൾ ആണ് രാജ്യത്ത് സംഭവിക്കുന്നത് . എന്നാൽ ആയുധം എടുത്ത് അടരാടുകയല്ല പോംവഴി. സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്തി പൊതുപ്രവർത്തനത്തിലേക്ക് താങ്കളും സഹപ്രവർത്തകരും കടന്നുവരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരുകൈയിൽ സമാധാനവും മറുകൈയിൽ തോക്കുമേന്തിയ ചർച്ച പാഴാണ്. ആയുധം താഴെ വച്ചശേഷമുള്ള ചർച്ച എന്ന വ്യവസ്ഥകൂടി മുന്നോട്ടു വയ്ക്കുന്നു.
രൂപേഷിന്റെ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ സഹപ്രവർത്തകരെ അറിയിച്ച ശേഷം പറയു . ആയുധം ഉപേക്ഷിച്ച ശേഷം അറിയിക്കു.നമുക്ക് ചർച്ച വേദിയിൽ കണ്ടുമുട്ടാം.ചർച്ചയ്ക്ക് ഞാൻ തയാർ.