കാഠ്മണ്ഡു: നേപ്പാളിൽ മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ, മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നുരാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം ചെയ്യില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാർ ഇടപെടുകയും നോർക്ക വഴി പണം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും സഹായം വാഗ്ദാനം ചെയ്തിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
Read More: നേപ്പാൾ ദുരന്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും
വിനോദസഞ്ചാരത്തിനു പോയ സംഘമാണ് നേപ്പാളിലെ ദമനിൽ മരണപ്പെട്ടത്. ദമനിലെ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചവർ. രണ്ടു ദമ്പതികളും നാല് കുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ കാഠ്മണ്ഡുവിൽ എത്തിച്ചു.
തിരുവനന്തപുരത്തു നിന്നും 15 അംഗ സംഘമാണ് നേപ്പാളിലേക്ക് പോയത്. തണുപ്പകറ്റാൻ ഇവർ റൂമിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും മക്വൻപുർ എസ്പി സുശീൽ സിംഗ് റാത്തോർ പറഞ്ഞു.
പ്രവീൺ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9), അഭിനവ് (9), അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്. പ്രവീണിന്റെ മൂന്ന് മക്കളും മരിച്ചു. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത്തും വിദേശത്താണ് ജോലി ചെയ്തിരുന്നത്. വിനോദസഞ്ചാരികളെ അവരുടെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.