കാസർഗോഡ്: യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് ഭർത്താവ് മരിച്ചതറിയാതെ ഭാര്യ യാത്ര തുടർന്നു.  ഭാര്യയോടൊപ്പം മുംബൈയിലേക്കു പോവുകയായിരുന്ന തൃശ്ശൂർ സ്വദേശിയായ ഇ.കെ.മുഹമ്മദാലി (24)യാണ് മരിച്ചത്.

കാസർഗോഡ് കളനാട് തുരങ്കത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി പത്തിനാണ് അപകടം സംഭവിച്ചത്.  തീവണ്ടി മംഗളൂരുവിലെത്താറായപ്പോൾ ഭർത്താവിനെ കാണാത്തതിനെത്തുടർന്ന് താഹിറ സഹയാത്രക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കാസർകോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കളനാട് തുരങ്കത്തിന് സമീപം മുഹമ്മദലി വീണുകിടക്കുന്നത് കണ്ടു. അപ്പോഴേക്കും രക്തം ഒരുപാട് വാർന്നു പോയിരുന്നു. ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാത്രയ്ക്കിടെ കുടിവെള്ളമെടുക്കാൻ പോയപ്പോൾ തെറിച്ചുവീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

മുംബൈയിൽ വെബ് ഡിസൈനറാണ് മരിച്ച മുഹമ്മദാലി.  തൃശ്ശൂർ വെങ്കിടങ് തോയക്കാവിലെ അബ്ദുൾ ഖാദറിന്റെയും ബാനുവിന്റെയും മകനാണ്.  പാസ്പോർട്ടുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരു മാസം മുൻപാണ് മുഹമ്മദാലി മുംബൈ സ്വദേശിനിയായ ഭാര്യ താഹിറയ്ക്ക് ഒപ്പം നാട്ടിലെത്തിയത്.

തിങ്കളാഴ്ച ഇവരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു.  വിവാഹ വാർഷികം ആഘോഷിച്ച ശേഷം നേത്രാവതി എക്‌സ്‌പ്രസിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ