/indian-express-malayalam/media/media_files/uploads/2020/11/Kerala-Xmas-New-Year-Bumper-Lottery-BR-77.jpg)
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയ ടിക്കറ്റ് വിറ്റത് ആര്യങ്കാവിൽ. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി വഴി വിറ്റ XG 358753 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. എന്നാൽ ആരാണ് ആ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരത്തെ ലോട്ടറി മൊത്തവ്യാപാരി, പാറശാല എൻഎംകെ ഏജൻസി ഉടമ മുഹമ്മദ് യാസിനിൽ നിന്നാണ് ആര്യങ്കാവിലെ സബ് ഏജന്റായ തെങ്കാശി സ്വദേശി എം.വെങ്കിടേശ് മൂന്നു തവണയായി 1800 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. ശബരിമല തീർഥാടകരും ആര്യങ്കാവ് ക്ഷേത്രത്തിൽ എത്തിയവരും ഇവിടെ നിന്നും ടിക്കറ്റെടുത്തിട്ടുണ്ട്. 2010ലെ സമ്മർ ബംപറിൽ 2 കോടി അടിച്ചതും വെങ്കിടേശ് വിറ്റ ടിക്കറ്റിനായിരുന്നു.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെയും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയുടെയും ആറു വീതം ടിക്കറ്റുകളും ഇതോടൊപ്പം നറുക്കെടുത്തു. XA 514601, XB 100541, XC 648995, XD 419889, XE 120460, XG 637604 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് രണ്ടാം സമ്മാനം. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആകെ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,99,982 ടിക്കറ്റുകൾ വിറ്റു.ഞായറാഴ്ച തിരുവനന്തപുരം ഗോർക്കി ഭവനിൽ , തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.