തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രിയുടെ രാജിയിലേക്ക് നയിച്ച വിവാദ ചാനലിനെതിരെ സാംസ്കാരിക നായകന്മാര്‍ ഒന്നടങ്കം രംഗത്ത്. ലൈംഗിക സംഭഷണം സംപ്രേഷണം ചെയ്ത വിഷയം നിശിതമായ വിലയിരുത്തലിനും കര്‍ക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് സാഹിത്യകാരന്മാരും, സാംസ്കാരികപ്രവര്‍ത്തകരും പ്രസ്താവനയില്‍ പറഞ്ഞു.

ഈ പ്രശ്നം അവസാനിക്കുന്നത് ആ വാര്‍ത്ത ഉയര്‍ത്തിയ മാധ്യമനൈതികതയുടേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടയ്ക്കലാകുമെന്ന് കരുതുന്നതായും ഇവര്‍ അറിയിച്ചു.ടിജെഎസ് ജോര്‍ജ്, ബിആര്‍പി ഭാസ്കര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, സാറാ ജോസഫ്, എം മുകുന്ദന്‍, സക്കറിയ, എന്‍എസ് മാധവന്‍ തുടങ്ങി നാല്‍പതോളം സാഹിത്യകാരന്മാര്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് ചാനലിനെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.

ഇത്തരമൊരു വാര്‍ത്ത സംപ്രേഷണം ചെയ്തതിലൂടെ പ്രസ്തുത ചാനല്‍ മലയാളിയുടെ ഇപ്പോള്‍ തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കമുള്ളവര്‍ കാണുന്ന ഒരു വാര്‍ത്താമാധ്യമത്തിന്റെ മര്യാദകള്‍ പാലിച്ചില്ലെന്നു മാത്രമല്ല, ഓരോ വാര്‍ത്തയ്ക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും സത്യബോധവുംം കൈയൊഴിയുകയും ചെയ്തിരിക്കുന്നതായും സാഹിത്യകാരന്മാര്‍ കുറ്റപ്പെടുത്തി.

മുന്‍ മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനല്‍ പറയുന്നില്ല. ഉഭയ സമ്മതപ്രകാരം നടന്നതെന്ന് കരുതേണ്ട ഒരു ടെലിഫോണ്‍ സംഭാഷണമാണിതെന്നതിന്റെ സൂചനകള്‍ ഉണ്ട് താനും. അങ്ങനെയെങ്കില്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്നു എന്ന് പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാത്പര്യമെന്താണെന്നും ഇവര്‍ ചോദിച്ചു.

അധികാര സ്ഥാനത്തിരിക്കുന്നവരെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നതിന് തീര്‍ച്ചയായും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സാമൂഹികാംഗീകൃതമായ ആ അധികാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റമായിക്കൂടാ. പ്രാകൃതമായ സദാചാരപ്പോലീസ് മനശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപത്കരമാണെന്നും സാംസ്കാരികനായകന്മാര്‍ സൂചിപ്പിച്ചു.

വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ വളരെ പരിമിതമായ അധികാരം മാത്രമെ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് പോലുമുള്ളു. സംഭാഷണം യഥാര്‍ത്ഥമാണെങ്കില്‍, ഒരു പരാതിക്കാരി അല്ലാതെ മറ്റാരെങ്കിലുമാണ് അത് ചോര്‍ത്തിയതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇനി അഥവാ അത് കെട്ടിച്ചമച്ചതാണെങ്കില്‍ അതും ഗുരുതരമായ കുറ്റമാണ്. ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്ത് കൊണ്ട് വരാനുതകുന്ന അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും സാഹിത്യകാരന്മാര്‍ ആവശ്യപ്പെട്ടു.

അധികാരദുര്‍വിനിയോഗത്തിന്റേയും ഭരണകൂടഭീകരതകളുടേയും ഇക്കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിന്റേതോ വ്യക്തി സ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീഷ്ണമായ നീതിബോധവുമുള്ള അന്വേഷണങ്ങളാണ്. അത്തരം ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുമ്പോള്‍ തോല്‍ക്കുന്നത് മലയാളി മാത്രമല്ല. ഇന്ത്യയുടെ ജനാധിപത്യ- സ്വാതന്ത്ര്യ സങ്കല്‍പവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയില്‍ ഒപ്പിട്ട മറ്റ് സാഹിത്യകാരന്മാരും പ്രമുഖ വ്യക്തിത്യങ്ങളും- ടിവിആര്‍ ഷേണായ്, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ആര്‍എസ് ബാബു, എംകെ സാനു, എംജിഎസ് നാരായണന്‍, ശശികുമാര്‍, പികെ അഷിത, ഗ്രേസി, അനിത തമ്പി, റോസ് മേരി, പ്രിയ എഎസ്, കെആര്‍ മീര, ശ്രീബാല കെ മേനോന്‍, മാലാ പാര്‍വ്വതി, ആനന്ദ്, സച്ചിദാനന്ദന്‍, സി രാധാകൃഷ്ണന്‍, ബി രാജീവന്‍, എംഎന്‍ കാരശ്ശേരി, സിവി ബാലകൃഷ്ണന്‍, സുനില്‍ പി ഇളയിടം, സെബാസ്റ്റ്യന്‍ പോള്‍, സി ഗൗരിദാസന്‍ നായര്‍, എന്‍പി രാജേന്ദ്രന്‍, കെ വേണു, ആഷാ മേനോന്‍, സന്തോഷ് എച്ചിക്കാനം, ആര്‍ ഉണ്ണി, ശത്രുഘ്നന്‍.


സാഹിത്യകാരന്‍മാരുടെ പ്രസ്താവനയുടെ പൂര്‍ണരൂപം,

മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി നടത്തി എന്ന് പറയപ്പെടുന്ന സ്വകാര്യ സംഭാഷണം മന്ത്രിയുടേത് എന്ന് പറയപ്പെടുന്ന ശബ്ദരേഖ മാത്രം ഉപയോഗിച്ച് ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ രാജിയില്‍ കലാശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പ്രസ്താവിച്ചതനുസരിച്ച് ഇക്കാര്യത്തില്‍ ഒരു പരാതിയോ പരാതിക്കാരിയോ ഇല്ല. സംഭാഷണത്തിലെ ശബ്ദം മന്ത്രിയുടേതാണോ എന്നും വ്യക്തമല്ല. ഫോണ്‍ ചോര്‍ത്തുന്നത് കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മറ്റേതൊരു രാഷ്ട്രീയ വിവാദത്തേയും പോലെ ഇതും കെട്ടടങ്ങാനാണ് സാധ്യത. എന്നാല്‍ അങ്ങനെ ഈ പ്രശ്നം അവസാനിക്കുന്നത് ആ വാര്‍ത്ത ഉയര്‍ത്തിയ മാധ്യമനൈതികതയുടേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടയ്ക്കലാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ പ്രശ്നം നിശിതമായ വിലയിരുത്തലിനും കര്‍ക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഇത്തരമൊരു വാര്‍ത്ത സംപ്രേഷണം ചെയ്തതിലൂടെ പ്രസ്തുത ചാനല്‍ മലയാളിയുടെ ഇപ്പോള്‍ തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കമുള്ളവര്‍ കാണുന്ന ഒരു വാര്‍ത്താമാധ്യമത്തിന്റെ മര്യാദകള്‍ പാലിച്ചില്ലെന്നു മാത്രമല്ല, ഓരോ വാര്‍ത്തയ്ക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷേഠതയും സത്യബോധവുംം കൈയൊഴിയുകയും ചെയ്തിരിക്കുന്നു.

മുന്‍ മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനല്‍ പറയുന്നില്ല. ഉഭയ സമ്മതപ്രകാരം നടന്നതെന്ന് കരുതേണ്ട ഒരു ടെലിഫോണ്‍ സംഭാഷണമാണിതെന്നതിന്റെ സൂചനകള്‍ ഉണ്ട് താനും. അങ്ങനെയെങ്കില്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്നു എന്ന് പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാത്പര്യമെന്താണ്? അധികാര സ്ഥാനത്തിരിക്കുന്നവരെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നതിന് തീര്‍ച്ചയായും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സാമൂഹികാംഗീകൃതമായ ആ അധികാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റമായിക്കൂടാ. പ്രാകൃതമായ സദാചാരപ്പോലീസ് മനശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപത്കരമാണ്.

ചാനലിന് ഈ ടെലിഫോണ്‍ സംഭാഷണം അത് യഥാര്‍ത്ഥമാണെങ്കില്‍ എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നു. യഥാര്‍ത്ഥമാണെങ്കില്‍ ഇതുവരെ ഒരു പരാതിക്കാരി ഉണ്ടായിട്ടില്ല. വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ വളരെ പരിമിതമായ അധികാരം മാത്രമെ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് പോലുമുള്ളു. സംഭാഷണം യഥാര്‍ത്ഥമാണെങ്കില്‍, ഒരു പരാതിക്കാരി അല്ലാതെ മറ്റാരെങ്കിലുമാണ് അത് ചോര്‍ത്തിയതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇനി അഥവാ അത് കെട്ടിച്ചമച്ചതാണെങ്കില്‍ അതും ഗുരുതരമായ കുറ്റമാണ്. ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്ത് കൊണ്ട് വരാനുതകുന്ന അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം.

ഈ വാര്‍ത്തയും അത് ഉയര്‍ത്തിവിട്ടിട്ടുള്ള ചോദ്യങ്ങളും ഭരണകൂടത്തില്‍ നിന്ന് ആവശ്യപ്പെടുന്നത് ഉപരിപ്ലവവും രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിഹാരങ്ങളല്ല. അധികാരദുര്‍വിനിയോഗത്തിന്റേയും ഭരണകൂടഭീകരതകളുടേയും ഇക്കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിന്റേതോ വ്യക്തി സ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീഷ്ണമായ നീതിബോധവുമുള്ള അന്വേഷണങ്ങളാണ്. അത്തരം ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുമ്പോള്‍ തോല്‍ക്കുന്നത് മലയാളി മാത്രമല്ല. ഇന്ത്യയുടെ ജനാധിപത്യ- സ്വാതന്ത്ര്യ സങ്കല്‍പവുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.