തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ സമുദായ സംഘടനകളുടെ സഹായത്തോടെ നടത്തുന്ന പെൺ മതിലിന്റെ സംഘാടകരിൽ തുടക്കത്തിലേ വിളളൽ. പെൺ മതിലിന്റെ സംഘാടനത്തിന് വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാനായ വെളളാപ്പളളി നടേശനെ പരിഹസിച്ച് ജോയിന്റ് കൺവീനറായ സിപി സുഗതനാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്.

തിരുവനന്തപുരത്ത് 2010 ൽ നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുത്ത വെളളാപ്പളളി നടേശൻ പിന്നീട് ബിഡിജെഎസ് രൂപീകരിച്ച് ബിജെപിയ്ക്ക് പിന്തുണ നൽകിയതിനെ വിമർശിച്ചാണ് സുഗതന്റെ കുറിപ്പ്. “കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുന്നത് എങ്ങിനെയാണെന്ന് ഹിന്ദു പാർലമെന്റ് കാണിച്ചുതന്നിരിക്കുന്നു,” എന്നാണ് വെളളാപ്പളളിക്കെതിരായ പോസ്റ്റിലെ വാചകം.

പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ,

വെള്ളാപ്പള്ളി നടേശനെ ഇന്നലത്തെ നവോഥാന മീറ്റിംഗിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചു കൊണ്ടു വന്നു നായാടി മുതല്‍‍ നമ്പൂതിരി വരെയുളളവരുടെ മുന്നില്‍ ഇരുത്തി. ഞാനും വേദിയില്‍ ഉണ്ടായിരുന്നു. 2010 ല്‍ ഇതുപോലൊരു മഹാസമ്മേളനം തിരുവനന്തപുരത്തു നടന്നിരുന്നു. ഉത്രാടം തിരുനാള്‍ മഹാ‍രാജാവിന്‍റെ നേതുര്‍‍ത്ഥത്തില്‍(നേതൃത്വത്തിൽ) സംഘടിപ്പിച്ച ഒന്നാം ഹിന്ദു PARLIAMENT. അന്നു വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി ഒരുരണ്ടാം നവോഥാനത്തിനു തിരികൊളുത്തിയ മഹാ സമ്മേളനം. അന്നു 108 ഹിന്ദു സമുദായങ്ങളില്‍ നിന്നു നാലായിരം പേര്‍ അതില് പങ്കെടുത്തു. SNDP യോഗത്തില്‍‍ നിന്ന് മാത്രം 1800 ചെറിയ- വലിയ നേതാക്കള് അതില്‍‍ പങ്കെടുത്തു. അന്നാണ് വെള്ളാപ്പള്ളി ഹിന്ദു PARLIAMENT ചെയര്‍മാ നാകുന്നത്. ജാതിഭേദങ്ങളും വര്‍ണ്ണവ്യ്തിസങ്ങളും മറന്ന് ഹിന്ദു സമുഹം ഒന്നാകുമെന്ന പ്രതിന്ഘാ മഹാരാജാവ് ഈ മഹാ സമ്മേളത്തിന് ചൊല്ലിക്കൊടുത്തു!! പിന്നീടുള്ളത് ചരിത്രം, അതു നിങ്ങള്‍ക്കും അറിയാം. പിന്നീട് തിരജെടുപ്പ് വന്നപ്പോള്‍ വെള്ളാപ്പള്ളി നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ പറ്റിച്ചുകൊണ്ട് BJP യുമായി ചേര്‍ന്ന് BDJS ഉണ്ടാക്കി…….. അവസാനം കറങ്ങി കറങ്ങി ഒറ്റപ്പെട്ടു നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ മറ്റൊരു വേദിയിലേക്ക് നിരാശ ബാധിച്ച മുഖവുമായി എത്തിച്ചേര്‍ന്നു. അതും നവോഥാന മുല്ല്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന വേദിയിലേക്ക്. പക്ഷെ വിളിച്ചത് അന്നദ്ധേഹം ശത്രുവായി പ്രഖ്യാപിച്ചിരുന്ന പിണറായിയും. വിധിയുടെ ക്രുരതപോലെ അദ്ദേഹത്തെ ഏല്‍പ്പിച്ച പണിയും അദേഹത്തിന്‍റെ സൃഷ്ടിയായ BJP-BDJS സഖ്യത്തെ തകര്‍ക്കാനും. -അച്ഛന്‍ മതില്‍ പണിയും-മകനുള്‍പ്പെടുന്ന സഖ്യത്തെ തടയാന്‍‍. കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കിക്കുന്നത് എങ്ങനെയാണെന്ന് ഹിന്ദു PARLIAMENT ഇതാ കാണിച്ചു തന്നിരിക്കുന്നു(മുഖ്യമന്ത്രിയുടെ സഹായത്തോടെയാണങ്കിലും!!!!!

അതേസമയം സിപി സുഗതനെ ജോയിന്റ് കൺവീനറാക്കിയതിനെതിരെ കോൺഗ്രസ് എംഎൽഎയായ വിടി ബൽറാം രംഗത്ത് വന്നിട്ടുണ്ട്. “പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കു”കയാണെന്ന് വിടി ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വിവാദമായ ഹാദിയ കേസിലടക്കമുളള സിപി സുഗതന്റെ ഫെയ്‌സ്ബുക്കിലെ കുറിപ്പുകളാണ് വിടി ബൽറാം ചൂണ്ടിക്കാട്ടിയത്. ഈ പോസ്റ്റിൽ ബൽറാം പറയുന്നതിങ്ങനെ, ” ‘ഹാദിയയെ തെരുവിൽ ഭോഗിക്കണം”, “ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്”, “ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ” എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.”

സിപി സുഗതന്റെ മുൻ രാഷ്ട്രീയ നിലപാടുകളും ശബരിമല വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടി പെൺ മതിലിന്റെ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ വിമർശനം സമൂഹമാധ്യമങ്ങളിൽ കടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.