കൊച്ചി: യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്കു സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറന്ന വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആൺകുഞ്ഞിന് ജന്മം നൽകിയത്.
ലണ്ടനിൽ നിന്നും നാട്ടിലേക്ക് തിരിച്ച മരിയ ഏഴ് മാസം ഗർഭിണി ആയിരുന്നു. വിമാനം പറന്നുയർന്ന് അൽപം കഴിഞ്ഞപ്പോൾ മരിയക്ക് പ്രസവവേദന അനുഭവപ്പെട്ടു. വിവരം കാബിൻ ക്രൂ ജീവനക്കാരെ അറിയിച്ചതോടെ, അവർ ഉടനെ തന്നെ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടു ഡോക്ടർമാരെയും നാല് നഴ്സുമാരെയും കണ്ടെത്തി. അവരുടെ സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.
തുടർന്ന്, അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതനുസരിച്ച് എയർ ഇന്ത്യയുടെ അനുമതിയോടെ വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്‌ഫുർട്ട് വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിൽ നിന്നുള്ള അറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഉടനെ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിൽ നിന്നും തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45നാണ് കൊച്ചിയിലിറങ്ങിയത്. 210 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം നിയന്ത്രിച്ചിരുന്നത് വനിത പൈലറ്റായ ഷോമ സുർ ആണ്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി സമയോചിതമായ ഇടപെടൽ നടത്തിയ പൈലറ്റുമാരെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വച്ച് അഭിനന്ദിച്ചു.
Also Read: ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂട്ടി