തിരുവനന്തപുരം: തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്ന് രക്ഷാപ്രവര്‍ത്തകരോട് യുവതി. വെള്ളപ്പൊക്കം രൂക്ഷമായ തൃശൂരിലാണ് യുവതി മാറി താമസിക്കാന്‍ കൂട്ടാക്കാതിരുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോള്‍ വെള്ളം കെട്ടിക്കിടന്ന വീട്ടിനകത്ത് പുതപ്പിച്ച നിലയിലായിരുന്നു പട്ടികള്‍.

സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായ ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇവര്‍ സംരക്ഷിച്ചത് മുഴുവന്‍ തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു. രക്ഷാപ്രവര്‍ത്തകരേയും വളണ്ടിയര്‍മാരേയും അവര്‍ തിരിച്ചയക്കുകയായിരുന്നു. നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി, തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പട്ടികള്‍ മുഴുവന്‍ അവശനിലയിലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ ഒരു പ്രത്യേക ദുരിതാശ്വാസ കേന്ദ്രത്തിലാണ് സുനിതയും ഭര്‍ത്താവും നായ്ക്കളും കഴിയുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം സുനിതയുടെ നായ്ക്കള്‍ക്ക് കൂട് പണിയാനായി പണം കണ്ടെത്തുമെന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണല്‍ അറിയിച്ചു.

പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ‘ദയവു ചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരാണ് ചെങ്ങന്നൂര്‍ മേഖലയിലെ ചിലര്‍ ഹെലികോപ്റ്ററുകളില്‍ കയറാന്‍ തയ്യാറാവാത്ത വിവരം വെളിപ്പെടുത്തിയത്. എഴുപത് പേര്‍ക്ക് കയറാന്‍ സാധിക്കുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ