scorecardresearch
Latest News

റിപ്പബ്ലിക് ദിന പരേഡ്: വ്യോമസേനയെ നയിക്കാന്‍ മലയാളി വനിത

വ്യോമസേനയില്‍ ചേരാനുള്ള തന്റെ ആഗ്രഹത്തിന് പ്രചോദനമായി നിന്നത് അമ്മയാണെന്ന് രാഗി പറയുന്നു.

റിപ്പബ്ലിക് ദിന പരേഡ്: വ്യോമസേനയെ നയിക്കാന്‍ മലയാളി വനിത

തിരുവനന്തപുരം: രാജ്യം 70-ാമത് റിപ്പബ്ലിക് ദിന പരേഡിനായി ഒരുങ്ങുമ്പോള്‍ കേരളത്തിന്റെ അഭിമാനമായി മാറുകയാണ് ഫ്‌ളൈയിങ് ഓഫീസര്‍ രാഗി രാമചന്ദ്രന്‍. റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേന സംഘത്തെ നയിക്കുന്നത് കൊല്ലം പുനലൂര്‍ സ്വദേശിയായ രാഗിയാണ്. പരേഡ് നയിക്കുന്ന നാല് പേരില്‍ ഒരാളാണ് രാഗി.

വ്യോമസേനയില്‍ ചേരാനുള്ള തന്റെ ആഗ്രഹത്തിന് പ്രചോദനമായി നിന്നത് അമ്മയാണെന്ന് രാഗി പറയുന്നു. ‘ചെറുപ്പം മുതലേ എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയായിരുന്നു അമ്മ ഞങ്ങളെ വളര്‍ത്തിയത്. ഒരു ആഗ്രഹങ്ങള്‍ക്കും അമ്മ എതിര് നിന്നിട്ടില്ല. എനിക്ക് ഒരു ചേച്ചിയാണ് ഉള്ളത്. രശ്മി എന്നാണ് പേര്. കരസേനയില്‍ ക്യാപ്റ്റനാണ് ചേച്ചി. 2016ലാണ് ഞാന്‍ പരിശീലനം പൂര്‍ത്തിയാക്കി വ്യോമസേനയില്‍ ചേരുന്നത്,’ രാഗി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഗിയുടെ അമ്മ ലഫ്.കേണല്‍ വിജയ കുമാരി മിലിട്ടറി നഴ്‌സിങ് സര്‍വ്വീസില്‍ ഉദ്യോഗസ്ഥയായിരുന്നു. തെലങ്കാനയിലെ ഡുണ്ടിഗല്‍ വ്യോമസേനാ അക്കാദമിയാലണ് രാഗി പരിശീലനം പൂര്‍ത്തിയാക്കിയത്. ഡാര്‍ജിലിങ്ങിലെ ബാഗ്‌ഡോറയിലാണ് നിയമനം.

രാഗിയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തേത്. നാല് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 148പേരാണ് വ്യോമസേനയില്‍ നിന്ന് റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അഭ്യാസവും റിപ്പബ്ലിക് ദിനത്തില്‍ അരങ്ങേറും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala woman ragi ramachandran to to lead air force contingent in republic day parade