scorecardresearch
Latest News

മക്കളുടെ ചികിത്സയ്‌ക്കു പണമില്ല, അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം; ശാന്തിക്കു സഹായവുമായി സർക്കാർ

നാൽപ്പത്തി നാലുകാരിയായ ശാന്തിക്ക് അഞ്ച് മക്കളുണ്ട്, നാല് ആണും ഒരു പെണ്ണും. ഞായറാഴ്‌ചയാണ് വാടക വീട്ടിൽ നിന്നിറങ്ങി മക്കൾക്കൊപ്പം കൊച്ചിയിൽ കുടിലുകെട്ടി സമരം ആരംഭിച്ചത്

മക്കളുടെ ചികിത്സയ്‌ക്കു പണമില്ല, അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം; ശാന്തിക്കു സഹായവുമായി സർക്കാർ

കൊച്ചി: അവയവം വിൽക്കാനുണ്ടെന്ന് ബോർഡ് സ്ഥാപിച്ച് കൊച്ചിയിൽ മക്കളുമായി കുടിൽകെട്ടി സമരം ചെയ്‌തിരുന്ന ശാന്തിയ്‌ക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് സർക്കാർ. മക്കളുടെ ചികിത്സ മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളിൽനിന്നു കരകയറാനാണ് ഈ അമ്മ സ്വന്തം അവയവം വിൽക്കാൻ തയാറായത്. മക്കളുടെ ചികിത്സയ്‌ക്കു വേണ്ടി പണം ഇല്ലാത്തതിനാൽ ഹൃദയം അടക്കമുള്ള അവയവങ്ങൾ വിൽക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു ശാന്തി.

നാൽപ്പത്തി നാലുകാരിയായ ശാന്തിക്ക് അഞ്ച് മക്കളുണ്ട്, നാല് ആണും ഒരു പെണ്ണും. ഞായറാഴ്‌ചയാണ് വാടക വീട്ടിൽ നിന്നിറങ്ങി മക്കൾക്കൊപ്പം കൊച്ചിയിൽ കുടിലുകെട്ടി സമരം ആരംഭിച്ചത്. മുളവുകാട് റോഡിലായിരുന്നു സമരം. കഴിഞ്ഞ ദിവസം കുടിലിനുള്ളിൽ ആറംഗ കുടുംബം നിരാഹാരമിരിന്നു.

മാധ്യമങ്ങളിലൂടെ ഈ വാർത്ത അറിഞ്ഞ വരാപ്പുഴ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ടു. പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് ശാന്തിയെയും അഞ്ച് മക്കളെയും താൽക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

“മൂത്ത മകനായിരുന്നു കുടുംബത്തിന്റെ ഏക അത്താണി. കഴിഞ്ഞ വർഷം ജൂലൈയിൽ അവൻ വാഹനാപകടത്തിൽ പെട്ടു. ട്രാഫിക് സിഗ്‌നലിൽ നിൽക്കുമ്പോൾ ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്‌ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. ചികിത്സയ്‌ക്കായി വലിയൊരു തുക ചെലവഴിച്ചു. അവൻ ഇപ്പോഴും പൂർണ ആരോഗ്യവാനല്ല. 2013 ൽ ഒരു അപകടത്തിൽപ്പെട്ട മകൾക്കും വലിയ ചികിത്സ ആവശ്യമായിരുന്നു. മകളുടെ തലയ്‌ക്കും കണ്ണുകൾക്കും ശസ്‌ത്രക്രിയ നടത്തണം,” വീട്ടിലെ ദുരിതങ്ങൾ ഓരോന്നായി ശാന്തി പറയാൻ തുടങ്ങി

Read Also: ഷെയറിട്ട് ലോട്ടറിയെടുത്തു; ഒരു കോടി നിറവിൽ തൃശൂരിലെ വീട്ടമ്മമാർ

“എന്റെ രണ്ടാമത്തെ മകന് മാനസികമായ ചില പ്രശ്നങ്ങളുണ്ട്. ജന്മനാ ഉള്ള ബുദ്ധിമുട്ടാണ്. ഏഴാമത്തെ വയസിൽ വയറിനുള്ളിൽ നീര് വരുന്ന രോഗത്തെത്തുടർന്ന് അവനെ ഒരു ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അവനിപ്പോൾ 23 വയസുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ജോലിക്കു പോകാൻ സാധിക്കില്ല. എന്റെ രണ്ട് മക്കൾക്ക് മാത്രമാണ് പൂർണ ആരോഗ്യമുള്ളത്. അതിൽ ഒരാൾ പഠിപ്പ് നിർത്തി പാർട് ടൈം ജോലിക്ക് പോകുകയാണ്. ഒരാൾ പ്ലസ് വണ്ണിൽ പഠിക്കുകയാണ്,” ശാന്തി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ഏറ്റവും ഇളയ കുട്ടി ജനിച്ച സമയത്ത് ഭർത്താവ് തന്നെ ഉപേക്ഷിച്ചതായി ശാന്തി പറയുന്നു. നേരത്തെ താൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നെന്നും മക്കളുടെ ആരോഗ്യകാര്യങ്ങൾ നോക്കേണ്ടിവന്നപ്പോൾ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ശാന്തി പറയുന്നു.

സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ല. മൂത്ത മകന്റെയും മകളുടെയും ചികിത്സ ചെലവ് വഹിക്കുന്നത് ഒരുപാട് കടബാധ്യതയിലേക്ക് നയിച്ചതായി ശാന്തി പറയുന്നു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫോണിൽ വിളിച്ച് ശാന്തിയോട് കാര്യങ്ങൾ തിരക്കി. മക്കളുടെ ചികിത്സാ ചെലവിനുള്ള എല്ലാ സഹായങ്ങളും സർക്കാർ വാഗ്‌ദാനം ചെയ്‌തു. ശാന്തിയുടെ കുടുംബത്തിനുവേണ്ട കാര്യങ്ങൾ ചെയ്‌തു നൽകുമെന്ന് പറവൂർ എംഎൽഎ വി.ഡി.സതീശൻ പറഞ്ഞു.

നേരത്തെയും ഈ കുടുംബത്തിനു എംഎൽഎയുടെ ഭാഗത്തുനിന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ സഹായ വാഗ്‌ദാനങ്ങൾ ലഭിച്ച ശേഷം തിങ്കളാഴ്‌ച ഉച്ചയോടെയാണ് ശാന്തിയും മക്കളും വാടക വീട്ടിലേക്കു പോയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala woman puts organs on sale for medical expenses of children