സദാചാരാക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

ഒരു മണിക്കൂറോളം വീട്ടിൽ മോശം അന്തരീക്ഷം സൃഷ്ടിച്ച രാധാകൃഷ്ണൻ കിടപ്പുമുറിയും അടുക്കളയും പോലും പരിശോധിക്കാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു

moral police

തിരുവനന്തപുരം: രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ മാധ്യമപ്രവർത്തകയുടെ പരാതി. സംഭവത്തിൽ  പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി തന്റെ കുടുംബസുഹൃത്തും സഹപ്രവർത്തകനുമായ വ്യക്തി വീട്ടിൽ വന്നതിനെ ത്തുടർന്നാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പരാതിക്കാരി പറയുന്നു.

നവംബർ 30നു രാത്രി 10 മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നതിങ്ങനെ: ” സുഹൃത്ത് വീട്ടിലെത്തിയതിന് പിന്നാലെ, തങ്ങൾ താമസിക്കുന്ന അതേ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരനായ രാധാകൃഷ്ണൻ കുറച്ച് ആളുകളെ കൂട്ടി വീട്ടിൽ എത്തുകയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വന്നതെന്ന് ചോദിച്ച് തന്നോട് മോശമായി പെരുമാറുകയും സുഹൃത്തിനെ മർദിക്കുകയും ചെയ്തു.”

രാത്രി ഭർത്താവില്ലാത്ത സമയത്ത്,  മറ്റുള്ളവരുമായി വീട്ടിൽ എത്തിയ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം വീട്ടിൽ മോശം അന്തരീക്ഷം സൃഷ്ടിച്ചതായും കിടപ്പുമുറിയും അടുക്കളയും പോലും പരിശോധിക്കാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു.

” തന്നെയും കുട്ടികളെയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ രാധാകൃഷ്ണൻ തടഞ്ഞു. എന്നാൽ  താൻ വിളിച്ചതനുസരിച്ച് എത്തിയ ഭർത്താവ് കാര്യം അന്വേഷിച്ചപ്പോൾ അക്രമി സംഘം വീടുവിട്ട് പോയി. കൂട്ടത്തിലുള്ള ഒരാളോട് ചോദിച്ചപ്പോൾ എല്ലാം രാധാകൃഷ്ണന്റെ പദ്ധതിയായിരുന്നുവെന്നു പറഞ്ഞു,” പരാതിയിൽ പറയുന്നു.

പരാതിക്കാരി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പ്രൂഫ് റീഡറാണ് രാധാകൃഷ്ണൻ.  ഇവർ മാധ്യമസ്ഥാപനത്തില്‍ പരാതി നല്‍കിയതായും സ്ഥാപനം പൂര്‍ണ പിന്തുണ അറിയിച്ചതായും പരാതിക്കാരിയുടെ ഭര്‍ത്താവ് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. സ്ഥാപനത്തിന്റെ കൂടി പിന്തുണയോടെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും പ്രസ് ക്ലബ്ബിലും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാധാകൃഷ്ണനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും ഇയാൾ ഇതുവരെ ഹാജരായില്ലെന്നും സിഐ പറഞ്ഞു.

പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നതായി പരാതിക്കാരി പറയുന്നു. തിരഞ്ഞെടുപ്പിനു ശേഷം രാധാകൃഷ്ണൻ തന്നെ വിളിക്കുകയും ഇയാൾ പിന്തുണയ്ക്കുന്ന പാനലിനെ പിന്തുണയ്ക്കാത്തതിന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിക്കാരി ആരോപിക്കുന്നു.

അതേസമയം, പ്രസ് ക്ലബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ശത്രുതയെത്തുടര്‍ന്നുള്ള ഗൂഢാലോചനയാണു പരാതിയെന്നു എം. രാധാകൃഷ്ണന്‍ പറഞ്ഞു. നാട്ടുകാര്‍ പരാതിക്കാരിയുടെ വീട്ടില്‍ ബഹളംവച്ചപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ മറ്റൊരാള്‍ വിളിച്ചതനുസരിച്ചാണു താന്‍ എത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പരാതിയില്‍ കഴമ്പില്ലെന്നും സംസാരിച്ച് തീര്‍പ്പാക്കിയ വിഷയമാണെന്നും പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചന്‍ പി. ജോസഫ് പറഞ്ഞു. വിഷയത്തില്‍ പ്രസ് ക്ലബ്ബിന് ആരുടെയും പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രസ് ക്ലബ്ബിന്റെ ഭാഗത്തുനിന്ന് അന്വേഷണം നടത്തണമോയെന്ന കാര്യം അടുത്തദിവസം മാനേജിങ് കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്നും സോണിച്ചന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala woman journalist files moral policing complaint against colleague and thiruvananthapuram press club secretary

Next Story
ലൗ ബേര്‍ഡില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ദിവ്യ ഉണ്ണിയെ ഓര്‍മയില്ലേ?; ഇന്ത്യയിലെ ആദ്യ ഇ-കാര്‍ ചാലക്കുടിയിലുണ്ട്E Car, ഇലക്ട്രോണിക് കാർ, MD Jose, എം.ഡി.ജോസ്, First E Car in India, ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ, E Car in Chalakudy, ഇലക്ട്രിക് കാർ ചാലക്കുടി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express