ജയ്പുർ: രാജസ്ഥാനിൽ 23 അംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേരെ ബികാനര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ 28കാരിയാണ് സെപ്തംബര്‍ 25ന് പീഡനത്തിന് ഇരയായതായി പരാതിപ്പെട്ടത്.

വളക്കച്ചവടവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തപ്പെട്ടതാണ് ഇവർ. രണ്ടു വർഷം മുന്പ് യുവതി ഇവിടെ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബികാനെറിന് സമീപം തന്‍റെ ഉടമസ്ഥതയിലുള്ള വസ്തു സ്ഥിതി ചെയ്യുന്നിടത്ത് പോയ ശേഷം യുവതി മടങ്ങാൻ വാഹനം കാത്തു നിൽക്കുകയായിരുന്നു. ഈ സമയം ജയ്പുർ റോഡിലെ ഖാട്ടു ശ്യാം മന്ദിർ എന്ന സ്ഥലത്തു നിന്നും യുവതിയെ രണ്ടംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇവർ യുവതിയെ സമീപത്തെ ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. മണിക്കൂറുകളോളം രണ്ടംഗ സംഘം യുവതിയെ പീഡിപ്പിച്ച ശേഷം മറ്റ് ആറ് സുഹൃത്തുക്കളെ സ്ഥലത്തക്ക് വിളിച്ചുവരുത്തി. ഇവർ എത്തി പിന്നീട് തന്നെ പലാനാ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെയും സംഘം ചേർന്ന് ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി.

23 പേര്‍ ചേര്‍ന്ന് മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം 26ന് പുലർച്ചെ നാലിന് തട്ടിക്കൊണ്ടുപോയ സ്ഥലത്ത് തന്നെ സംഘം പെണ്‍കുട്ടിയെ ഇറക്കിവിട്ടുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 27ന് പോലീസ് തട്ടിക്കൊണ്ടുപോയ രണ്ടു പ്രതികൾക്കെതിരേയും കണ്ടാലറിയാവുന്ന 21 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നന്പർ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

എന്നാല്‍ ലൈംഗിക തൊഴിലാളി ആണെന്ന് പറഞ്ഞാണ് യുവതി തങ്ങളെ സമീപിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കി. രണ്ട് പേര്‍ക്ക് പകരം ആറ് പേര്‍ പീഡിപ്പിച്ചതാണ് യുവതിയെ ചൊടിപ്പിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.