മംഗളുരൂ: മുസ്‌ലിം യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ മംഗളുരൂവിൽ രണ്ട് വർഷമായി തടവിലാക്കിയിരുന്ന തൃശൂർ സ്വദേശിനിയായ യുവതിയെ കർണാടക പൊലീസ് രക്ഷിച്ചു. ചില ബിജെപി പ്രവർത്തകരുടെ സഹായത്തോടെയാണ് അമ്മ, 24 വയസുകാരിയെ മംഗളുരൂവിലെ വാടക വീട്ടിൽ തടവിലാക്കിയിരുന്നത്.

മംഗളുരൂ പൊലീസിന് കേരള പൊലീസിൽ നിന്നുളള​ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ജലി പ്രകാശ് (24)നെ മെയ് ഒന്നിന് തടവിൽ നിന്നും രക്ഷിച്ചത്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂർ സ്വദേശിനിയായ യുവതിയെ അമ്മ വിനീതയാണ് രണ്ട് വർഷമായി വാടക വീട്ടിൽ തടവിൽ പാർപ്പിച്ചിരുന്നത്.

അഞ്ജലിയെ അനധികൃത തടവിൽ നിന്നും രക്ഷിച്ച പൊലീസ്, അവരെ കോടതിക്ക് മുന്നിൽ ഹാജരാക്കിയെന്ന് മംഗളുരൂ ഡിസിപി ഉമാ പ്രശാന്ത് പറഞ്ഞു. കോടതിയിൽ വച്ച് അമ്മയോടൊപ്പം പോകാൻ താൽപര്യമില്ലെന്ന് മകൾ വ്യക്തമാക്കിയതിനെ തുടർന്ന് റസ്ക്യൂ ഹോമിലേയ്ക്ക് അയച്ചു. ഈ കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു. വേറെ ആർക്കൊക്കെ ഇതിൽ പങ്കുണ്ട് എന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും ഡിസിപി പറഞ്ഞു.

ബിജെപിയുടെ സഹായത്തോടെ തന്നെ മംഗളുരൂവിൽ തടവിലാക്കിയിരിക്കുകയാണെന്ന് അടുത്തിടെ പുറത്തു വിട്ട വിഡിയോയില്‍ അഞ്ജലി പറഞ്ഞിരുന്നു. “ഇത്തരം കാര്യങ്ങൾ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. അഞ്ജലി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുക”യാണെന്ന് ഡിസിപി വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച സഹായം അഭ്യർത്ഥിച്ചുകൊണ്ടുളള​ ഒരു വീഡിയോ ക്ലിപ്പ് അഞ്ജലി പുറത്തു വിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

വീഡിയോയിൽ അഞ്ജലി പറഞ്ഞത് ഇങ്ങനെ, “എനിക്ക് രക്ഷപ്പെടാൻ യാതൊരു വഴികളുമില്ല, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അമ്മയായിരിക്കും അതിന് ഉത്തരവാദി. ഒരു മുസ്‌ലിമിനെ സ്നേഹിക്കുന്നതിന്‍റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ആവശ്യത്തിലധികം അനുഭവിച്ചു. അമൃത ആശുപത്രിയിൽ രണ്ട് മാസം മനോരോഗ ചികിത്സയ്ക്ക് വിധേയയാക്കി. അതിന് ശേഷം രണ്ട് മാസം ആർഎസ്എസ് നടത്തുന്ന അനാഥാലയത്തിൽ ആക്കി. കഴിഞ്ഞ കുറേ മാസങ്ങളായി മംഗളുരൂവിലാണ്. പൂർണമായും ബിജെപിയുടെ സഹായത്തോടെയാണ് അമ്മ ഇത് ചെയ്യുന്നത്. ഞാൻ വളരെയധികം സഹിച്ചു. എനിക്ക് പുറത്ത് പോകാൻ അനുമതിയില്ല. ക്ഷീണിതയായ എന്നെ ഈ സാഹചര്യത്തിൽ നിന്നും രക്ഷിക്കാൻ ആരും ഇടപെട്ടിട്ടില്ല.”

ഇംഗ്ലീഷില്‍ വായിക്കാം: Kerala woman ‘confined’ by mother for two years for affair with Muslim rescued

ബാല്യകാല സുഹൃത്തായ നാലകത്ത് മനാസ് (28)എന്ന യുവാവുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് അഞ്ജലി പറയുന്നു. 2016 ഓഗസ്റ്റോടെയാണ് കുഴപ്പം ആരംഭിച്ചത്. തന്‍റെ അമ്മ പ്രണയത്തെ കുറിച്ച് അറിഞ്ഞതോടെയാണ് അത്. ഇതേ കുറിച്ച് അമ്മ അറിഞ്ഞ അന്ന് രാത്രി തന്നെ ബന്ധുക്കൾ ക്രൂരമായി ഉപദ്രവിച്ചു. പിന്നീട് കൊച്ചിയിലെ ഒരു ആശുപത്രിയിൽ മനോരോഗ ചികിത്സയ്ക്കായി മാറ്റി എന്നും അഞ്ജലി വീഡിയോയില്‍ വെളിപ്പെടുത്തി.

മനോരോഗ ആശുപത്രിയിൽ​ നാൽപത് ദിവസം ചികിസയ്ക്കായി അഞ്ജലിയെ പ്രവേശിപ്പിച്ച കാലത്ത് താൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതായി മനാസ് പറഞ്ഞു.”അഞ്ജലിയുടെ കുടുംബം എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു. മനോരോഗ ചികിത്സയുടെ രേഖകൾ അവർ കോടതിയിൽ ഹാജരാക്കി. അഞ്ജലിക്കും അമ്മയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. ഒപ്പം അഞ്ജലിയെ കാണുന്നതിൽ നിന്നും കോടതി എന്നെ തടഞ്ഞു” മനാസ് കൂട്ടിച്ചേര്‍ത്തു.

2017 ആദ്യം തന്നെ അഞ്ജലിയെ അമ്മ മംഗളുരൂവിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. തൃശൂരിലെ ചില പ്രാദേശിക ബിജെപിക്കാരുടെ സഹായത്തോടെയായിരുന്നു മംഗളുരൂവിലേയ്ക്ക് കൊണ്ടു പോയത്. (സിം ഇല്ലാത്ത) ഒരു മൊബൈൽ ഫോൺ അഞ്ജലിക്ക് അടുത്തിടെ അമ്മ വിനീത നൽകിയിരുന്നു. അതില്‍ അഞ്ജലിയ്ക്ക് ഉപയോഗിക്കാന്‍ ഒരു സിം അറേഞ്ച് ചെയ്യാന്‍ സാധിച്ചു. അതുവഴിയാണ് അഞ്ജലി തന്‍റെ ദുരവസ്ഥ പൊലീസിനെ അറിയിച്ചത്. കഴിഞ്ഞയാഴ്ച അവരെ രക്ഷിക്കുന്നതിന് വഴിയൊരുക്കിയത് അതാണ് എന്നും മനാസ് പറഞ്ഞു.

മംഗളൂരുവിലെ റസ്ക്യൂ ഹോമിൽ നിന്നും അഞ്ജലിയെ സ്വതന്ത്രയാക്കുന്നതായുള്ള ശ്രമത്തിലാണ് മനാസ്. ഇതിനായി കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും എന്ന് മനാസ് അറിയിച്ചു. “2016ൽ കേരള ഹൈക്കോടതി അഞ്ജലിയുടെ കസ്റ്റഡി അമ്മയ്ക്ക് വിനീതയ്ക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അമ്മയോടൊപ്പം പോകാൻ താൽപര്യമില്ലെന്ന് അഞ്ജലി വ്യക്തമാക്കിയിട്ടുണ്ട്”, എന്നും മനാസ് വ്യക്തമാക്കി.

അഞ്ജലിയുടെ അമ്മ വിനീതയെ അവരുടെ അഭിപ്രായം അറിയാനായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ലഭ്യമായില്ല.

താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ച് അഞ്ജലി നിരവധി തവണ വിളിച്ച് പരാതി പറഞ്ഞിരുന്നതായി ബന്ധുവായ ജയന്തി പറയുന്നു. “അഞ്ജലിയെ ആ റസ്ക്യൂ ഹോമിൽ നിന്നും സ്വതന്ത്രയാക്കണം എന്നാണ് എന്‍റെ ആഗ്രഹം. ഇഷ്ടപ്പെട്ട ഒരാളെ പ്രണയിച്ചതിന്‍റെ പേരിൽ അവൾ ശിക്ഷിക്കപ്പെടാൻ പാടില്ല, അഞ്ജലിയുടെ സംരക്ഷണം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. അവളെ അമ്മയുടെ കൈകളിൽ മരണത്തിനായി വിട്ടു കൊടുക്കാൻ പാടില്ല. മിടുക്കിയായ വിദ്യാർത്ഥിനിയാണ് അവൾ, അല്ലാതെ മാനസികരോഗമുളളയാളല്ല”, ജയന്തി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.