പാമ്പിനെ പിടിക്കുന്നവരെക്കുറിച്ച് കേട്ടാല്‍ മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം വാവ സുരേഷിന്റേതാകും. അല്ലെങ്കില്‍ അയല്‍പക്കത്തോ മറ്റോ ഉള്ള ഏതെങ്കിലും പുരുഷന്മാരുടെ. സാമാന്യ ധൈര്യം വേണ്ട ഈ ജോലി സാധാരണ പുരുഷന്മാര്‍ ചെയ്യുന്നതല്ലേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ തിരുവനന്തപുരം നന്ദിയോട് സ്വദേശി രാജിക്ക് പാമ്പൊക്കെ വെറും പുല്ലാണ്.

മൂര്‍ഖനായാലും രാജവെമ്പാലയായാലും പുഷ്പം പോലെ കൈാര്യം ചെയ്യാന്‍ രാജിക്കറിയാം. പാമ്പു പിടിത്തം രാജിക്കൊരു സാമൂഹ്യ സേവനമാണ്. സാധാരണയായി പുരുഷന്മാരെയാണ് പാമ്പു പിടിത്തക്കാരായി കണ്ടുവരുന്നത്. അത്തരം പൊതുബോധങ്ങളുടെ കരണത്തടിയാണ് രാജി എന്നു പറയാതിരിക്കാനാകില്ല. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 119 പാമ്പുകളെയാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാജി പിടിച്ചത്. പിടിക്കാനടുക്കുമ്പോള്‍ നാവ് പുറത്തേക്കിട്ട് ഭീകരമായി സീല്‍ക്കാരം പുറപ്പെടുവിക്കുന്ന രാജവെമ്പാലയെയും, പെരുമ്പാമ്പിനെയും അണലിയെയുമെല്ലാം അനായാസമായി മെരുക്കാന്‍ രാജിക്കറിയാം.

ഒരു കൗതുകത്തിന്റെയും ആകാംക്ഷയുടെയും പുറത്താണ് രാജി ഈ ജോലിയിലേക്കിറങ്ങിയത്. എന്നാലിപ്പോള്‍ നാട്ടിലിറങ്ങുന്ന പാമ്പുകളുടെ രക്ഷകയായി മാറിയിരിക്കുകയാണ് ഈ വീട്ടമ്മ. അടുക്കളപ്പുറത്തോ, വീട്ടിനകത്തോ ഒക്കെ പാമ്പിനെ കണ്ട് പേടിക്കുന്നവര്‍ക്ക് രാജിയിപ്പോള്‍ ഒരു ആശ്വാസമാണ്. 70തില്‍ അധികം രാജവെമ്പാലകള്‍, 11 അണലി, ഏഴ് പെരുമ്പാമ്പ്, വെള്ളിക്കെട്ടന്‍ തുടങ്ങി കുറേ പാമ്പുകളെ മനുഷ്യരുടെ കൈയ്യില്‍ നിന്നും രക്ഷിച്ച് കാട്ടിലേക്ക് പറഞ്ഞുവിട്ടു രാജി.

ബിരുദ പഠനം മുഴുവനാക്കാന്‍ രാജിക്ക് സാധിച്ചിട്ടില്ല. തങ്ങളുടേത് വനത്താല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമമാണെന്നും ഈ ദിവസങ്ങളിലായി ധാരാളം പാമ്പുകളെ കാണാറുണ്ടെന്നും രാജി പറയുന്നു. ചെറുപ്പകാലം മുതലേ തനിക്ക് പാമ്പുകളോടു പേടിയില്ലായിരുന്നു. തൊടാനുള്ള ആകാംക്ഷയായിരുന്നു എപ്പോഴും. ഒരു പാമ്പുപിടിത്തക്കാരിയായത് ആ ആഗ്രഹത്തിനു മേലാണെന്നും രാജി പറയുന്നു.

കുറച്ചുകാലം മുമ്പ് ഒരുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുത്തതൊഴിച്ചാല്‍ പ്രത്യേകിച്ച് പരിശീലനമൊന്നും പാമ്പുപിടിത്തത്തില്‍ രാജിക്കില്ല. വിവാഹിതയും രണ്ടു പെണ്‍കുട്ടികളുടെ അമ്മയുമാണ് രാജി. രാത്രികാലങ്ങളിലൊക്കെ ഭര്‍ത്താവും രാജിക്കൊപ്പം പോകാറുണ്ട്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും സ്‌നേഹത്തോടെ അതിന്റെ പുറത്തൊന്നു തട്ടി ഒരുമ്മയും കൊടുക്കും ഈ പാമ്പുപിടിത്തക്കാരി. പിന്നീട് ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് ബാഗിലാക്കും. അപകടകാരിയായ പാമ്പാണെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അല്ലെങ്കില്‍ അവരുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് പറഞ്ഞുവിടും.

ഇതിന് പ്രത്യേകിച്ച് പ്രതിഫലമൊന്നും രാജി വാങ്ങാറില്ല. ചില ആളുകള്‍ എന്തെങ്കിലും തന്നാല്‍ അത് സ്വീകരിക്കും. അത്രമാത്രം. ഡ്രൈവിങ്ങാണ് രാജിയുടെ ജോലി. ജീപ്പും പിക് അപ്പ് വാനും ഓടിക്കും. നൂറുകണക്കിന് പാമ്പുകളെ രക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പാമ്പൊന്നും തന്നെ കടിച്ചിട്ടില്ലെന്ന് രാജി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ