Win Win W-591 Lottery: കോവിഡ് നിയന്ത്രണങ്ങള്‍ക്കും അനിശ്ചിതത്വത്തിനിടയിലും ടിക്കറ്റ് വില്‍പ്പനയില്‍ ‘കോടിപതി’യായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 23ന് (തിങ്കളാഴ്ച) നറുക്കെടുക്കുന്ന വിന്‍ വിന്‍ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതോടെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വകുപ്പ്.

Read more: Win Win W-591 Lottery Result: വിൻ വിൻ W-591 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് 

ശനിയാഴ്ച ഉച്ചയോടെ 1,00,20,000 ടിക്കറ്റുകളാണ് ലോട്ടറി ഓഫീസുകളില്‍നിന്നു വിറ്റത്. പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വില്‍പ്പന ഒരു കോടി കടക്കുന്നത്.

നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ 1.08 കോടി വരെ വിറ്റുപോയിട്ടുണ്ട്. ജനുവരി – ഫെബ്രുവരി കാലത്തായിരുന്നു ഇത്. രാജ്യത്തു തന്നെ ഏതെങ്കിലും സംസ്ഥാന ഭാഗ്യക്കുറി ഈ നേട്ടം തുടരെ കൈവരിച്ചിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ലോട്ടറി വകുപ്പ് അവകാശപ്പെടുന്നത്.

40 രൂപ വിലയുള്ള 1,00,20,000 ടിക്കറ്റ് വില്‍ക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപയാണു നല്‍കുക. ഇതിനുപുറമെ 28 ശതമാനം ജിഎസ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളിലേക്ക് എത്തും. ഏജന്റ് കമ്മിഷന്‍ കഴിച്ചുള്ള ബാക്കിത്തുക ലാഭമാണ്.

Also Read: Kerala Nirmal Lottery NR-199 Result: നിർമൽ NR-199 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ രണ്ടു മാസം ടിക്കറ്റ് വില്‍പ്പന റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ജൂലൈയിലാണു വില്‍പ്പന പുനരാരംഭിച്ചത്. നിലവില്‍ വിന്‍ വിന്‍, നിര്‍മല്‍, അക്ഷയ എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു നറുക്കെടുപ്പാണ് നടത്തുന്നത്.

ലോക്ക് ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് 48 ലക്ഷം വീതം ടിക്കറ്റ് അച്ചടിച്ചുകൊണ്ടാണ് നറുക്കപ്പെടുപ്പ് പുനരാരംഭിച്ചത്. വില്‍പ്പനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഈ നടപടി. പിന്നീട് ക്രമാനുഗതമായി ടിക്കറ്റ് വില്‍പ്പന 60, 72, 78, 90 ലക്ഷം, ഒരു കോടി എന്ന നിലയില്‍ വര്‍ധിക്കുകയായിരുന്നു.

കച്ചവടം പുനരാരംഭിക്കുവാന്‍ വില്‍പ്പനക്കാര്‍ക്കു സഹായം നല്‍കിയതും പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ചതും ഈ വര്‍ധനയ്ക്ക് ഗുണം ചെയ്തുവെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രതിവാര നറുക്കെടുപ്പ് അഞ്ചായി ഡിസംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കും. തിങ്കള്‍-വിന്‍ വിന്‍, ചൊവ്വ – സ്ത്രീശക്തി, ബുധന്‍ – അക്ഷയ, വെള്ളി – നിര്‍മല്‍, ശനി – കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതലുണ്ടാവുക.

ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഭാഗ്യമിത്ര, ജനുവരി 17 നു നറുക്കെടുക്കുന്ന ക്രിസ്മസ് – പുതുവത്സര ബമ്പര്‍ ടിക്കറ്റുകളും വിപണിയിലുണ്ടാകും.

Also Read: Kerala Xmas New Year Bumper BR 77 Lottery: ആരായിരിക്കും ആ കോടിപതി? ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ചു പേര്‍ക്ക് സമ്മാനം നല്‍കുന്ന ഭാഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ ആറിനു വൈകിട്ട് മൂന്നിനു നടക്കും. 100 രൂപയാണ് ടിക്കറ്റ് വില. ആദ്യഘട്ടത്തില്‍ 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 72 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും.

12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് – പുതുവത്സര ബമ്പര്‍ ടിക്കറ്റിന്റെ വില 300 രൂപയാണ്. രണ്ടാം സമ്മാനം ആറുപേര്‍ക്കായി മൂന്നു കോടി രൂപ നല്‍കും. 50 ലക്ഷം വീതമാണ് ഒരോ ആള്‍ക്കും ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുസൃതമായി മൊത്തം 48.65 കോടി രൂപ സമ്മാനമായി നല്‍കാന്‍ കഴിയുന്ന വിധമാണ് സമ്മാനഘടന തയാറാക്കിയിരിക്കുന്നത്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. വില്‍പ്പനയനുസരിച്ച് പരമാവധി 54 ലക്ഷം ടിക്കറ്റ് വരെയാണ് ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.