ന്യൂഡൽഹി: കേരളത്തിന് 30 വിമാന സർവീസുകൾ കൂടി കേന്ദ്രം അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉത്സവകാലങ്ങളിൽ വിദേശത്ത് നിന്നടക്കം കൂടുതൽ യാത്രക്കാർ കേരളത്തിലേക്കെത്തുന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഈ മാസം തന്നെ ഡൽഹിയിൽ വിളിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചു.കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം യാത്രക്കാരിൽ നിന്ന് വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്ന വിഷയവും സംസ്ഥാന കേന്ദ്രത്തിന്റെ ശ്രദ്ധേയിൽപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ വർധനവ് ചൂണ്ടിക്കാട്ടി വിമാന കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. ഏതാനും വർഷങ്ങളായ്‌ അധികൃതരിൽ നിന്ന്‌ കരിപ്പൂർ വിമാനത്താവളം എല്ലാ രീതിയിലും കടുത്ത അവഗണനയാണ്‌ നേരിടുന്നതെന്ന് എം.കെ.രാഘവൻ എംപി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.

ബന്ദിപ്പൂർ യാത്ര നിരോധനത്തിലും കേന്ദ്രത്തിന്റെ അടിയന്തര ഇടപ്പെടൽ സംസ്ഥാനം ആവശ്യപ്പെട്ടു.
വിദഗ്ധ സമിതി വിശദമായ പഠന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, വിഷയം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശമായതുകൊണ്ട് പരിമിതമായ തോതിലേ സര്‍ക്കാരിന് ഇടപെടാനാവൂവെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി സുപ്രീം കോടതിയെ അറിയിക്കുന്ന നിലപാട് സ്വീകരിക്കാം എന്ന് നിതിൻ ഗഡ്കരി വാക്ക്‌ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.