തിരുവനന്തപുരം: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാര്‍ക്ക് മുന്പില് പരിചപോലെ കേരളം നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല. ഇതിനെതിരെ സര്‍ക്കാര്‍ നിലകൊള്ളുമെന്നും പിണറായി വ്യക്തമാക്കി. ദേശാഭിമാനി പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു പിണറായി.
ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. രാജ്യത്ത് ആര്‍എസ്എസിനെ എതിര്‍ത്താല്‍ കൊല്ലുമെന്ന അവസ്ഥയാണുള്ളതെന്ന് പിണറായി പറഞ്ഞു. ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ മൃത്യുജ്ഞയ ഹോമം നടത്താനാണ് ഒരു ആര്‍എസ്എസ് നേതാവ് കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ഇത് നടപ്പാക്കാനുള്ള ഇടമല്ല കേരളമെന്ന് ഓര്‍ത്താല്‍ നന്ന്. കേരളത്തിന്റെ സാംസ്കാരിക പ്രബുദ്ധത അന്ധകാര ശക്തികള്‍ക്ക് തകര്‍ക്കാനാവില്ല.
പ്രകോപനപരമായ പ്രസംഗം നടത്തുന്നവർ സർക്കാർ ആർക്കൊപ്പമാണെന്ന കാര്യം ഓർമയിൽ വയ്ക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
‘ചില വർഗീയ ശക്തികൾ എഴുത്തുകാർക്കു മരണവാറന്റ് അയയ്ക്കുകയാണ്. ഗൗരി ലങ്കേഷിന്റെ വധത്തേക്കാൾ ഞെട്ടിക്കുന്നത് ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാണ്. അടിയന്തരാവസ്ഥാ കാലത്തുപോലും എഴുത്തുകാർ കൊല്ലപ്പെട്ടിട്ടില്ല. എന്നാൽ എഴുത്തുകാർക്കെതിരായ ഭീഷണി കേരളത്തിൽ വിലപ്പോവില്ല. സർക്കാർ ആർക്കൊപ്പമാണെന്ന് ഇക്കൂട്ടർ മനസിലാക്കണം. ഭീഷണിപ്പെടുത്തുന്നവർ ഇക്കാര്യം ഓർക്കണം. ഇല്ലെങ്കിൽ ഓർമിപ്പിക്കാൻ സർക്കാരിനറിയാം’ മുഖ്യമന്ത്രി പറഞ്ഞു.
‘ആര്‍എസ്എസിന്റെ ഈ നിലപാടിനെതിരെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരണം. സംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം വിശ്വാസികളെ അടക്കം ഉള്‍ക്കൊളളിച്ചാവണം പോരാട്ടം ഉയരേണ്ടത്. ഇതിന് വഴി തെളിക്കുന്നവരാകണം എഴുത്തുകാര്‍. എഴുത്തുകാര്‍ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടാല്‍ പ്രതിഭ നഷ്ടമാകുമെന്നാണ് ചിലര്‍ പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്നതുകൊണ്ട് ഒരു എഴുത്തുകാരനും ഹൃദയചുരുക്കം ഉണ്ടായിട്ടില്ല. എഴുത്തുകാര്‍ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് കൈക്കൊണ്ടാല്‍ ആര്‍ക്കും പ്രശ്നമില്ല. സാഹിത്യകാരന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തില്‍ യാഥാസ്ഥിതിക നിരൂപകര്‍ ഇരട്ടത്താപ്പാണ് കൈക്കൊണ്ടത്’ പിണറായി പറഞ്ഞു.