തിരുവനന്തപുരം:​ കേരളത്തിലെ അരി ദൗർലഭ്യത്തിന് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനും നടത്തി ചർച്ചകൾ വിജയം. വർഷം മുഴുവൻ ഇനി കേരളത്തിലേക്ക് മുടങ്ങാതെ അരി എത്തിക്കാമെന്ന ഉറപ്പ് ആന്ധ്ര ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂർത്തി സമ്മതിച്ചു.

കേരളത്തിന് ആവശ്യമായത്ര അരിയും മുളകും ആന്ധ്ര സിവിൽ സപ്പ്ലൈസ് കോർപറേഷനിൽ നിന്നും കുറഞ്ഞവിലയ്ക്ക് നേരിട്ട് തന്നെ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സംഭരിക്കും. ഈ ഓണക്കാലത്ത് മാത്രം 7000 ടൺ അരി ആന്ധ്രയിൽ നിന്ന് ലഭ്യമാക്കും. ഇതിലൂടെ ഓണക്കാലത്തെ കരിഞ്ചന്തകളെയും പൂഴ്ത്തിവയ്പ്പിനെയും കൃത്രിമ ക്ഷാമത്തെയും മറികടക്കാനും വിലക്കയറ്റം പിടിച്ചുനിത്താനും സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ.

നേരത്തേ ആന്ധ്രപ്രദേശ് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനും ആന്ധ്രയിലെ ഉപമുഖ്യമന്ത്രി കെ.ഇ.കൃഷ്ണമൂർത്തിയും സിവിൽ സപ്ലൈസ് മന്ത്രി പ്രതിപത്തി പുല്ല റാവുവും തമ്മിൽ ചർച്ച നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ