മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്നാരോപിച്ചു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിനു പിന്നാലെ സെന്‍കുമാറിനുള്ള മറുപടിയുമായി മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ മുന്നോട്ട് വന്നിരിക്കുന്നു. നാലു വര്‍ഷം മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സേതു രാമനാണ് ടിപി സെന്‍കുമാറിനുള്ള മറുപടിയുമായ്‌ രംഗത്ത് വന്നിരിക്കുന്നത്.

ഒരു മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം കേരളത്തിലെ മറ്റേത് സ്ഥലത്തെക്കാളും ജീവിക്കാന്‍ യോഗ്യമാണ് എന്ന് പറഞ്ഞ സേതു രാമന്‍. മറ്റെല്ലായിടത്തും ഹിന്ദുക്കളേയും, മുസ്ലീംങ്ങളേയും നായരേയും ഈഴവനേയും ക്രിസ്ത്യാനികളേയും ദളിതനേയും മാത്രം ആള്‍ക്കാരെ കാണുമ്പോള്‍ മലപ്പുറത്ത് കാണുക പച്ചമനുഷ്യനെ മാത്രമാണ്. മലപ്പുറത്ത് ആരും ആരെയും സഹായിക്കാന്‍ തയ്യാറാണ് എന്ന് മാത്രമല്ല ജനങ്ങള്‍ കൃത്യമായ് നിയമം പാലിക്കുന്ന ജില്ലയ്ക് ഒരു വര്‍ഗീയ കലാപത്തിന്‍റെ പോലും ചരിത്രമില്ല. മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വര്‍ഗീയതയും ജാതീയതയും കുറയും എന്നും സേതു രാമന്‍ പറയുന്നു.

മുസ്ലീം നാമധാരികളായ പലരെയും അദ്ദേഹം പേരെടുത്ത് സൂചിപ്പിക്കുന്നുണ്ട്. ബഷീറിനെപ്പോലുള്ളവര്‍ ഇനിയും വേണം. വടക്കന്‍ വീരഗാഥയും അമരവും പ്രാഞ്ചിയേട്ടനും പോലുള്ള സിനിമകള്‍ അനശ്വരമാക്കിയ മമ്മൂട്ടി . മണിച്ചിത്രത്താഴ് പോലൊരു സിനിമ നല്‍കിയ ഫാസില്‍ എന്നിങ്ങനെ പലരും കേരളത്തിന്‍റെ സാംസ്കാരിക ലോകത്തെ സമ്പുഷ്ടമാക്കിയവരാണ് എന്നദ്ദേഹം പറയുന്നു.

“എംഎന്‍ കാരശ്ശേരിയുടെയത്ര പുരോഗമനപരവും ലിബറലുമായ മറ്റാരാണ്‌ കേരളത്തിലുള്ളത് ? സമദാനിയുടെ പ്രഭാഷണങ്ങള്‍ ഏതൊരു മതേതര മലയാളിയേയുംആകര്‍ഷിക്കുന്നതാണ്. കേരള സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഹമീദ് ചേന്ദമങ്ങലൂർ പരിധികളില്ലാതെ എഴുതുന്നു. ഇ എ ജബ്ബാർ മാഷേയും അയൂബ് മൗലവിയേയും പോലെ മൗലികവാദികളെ വെല്ലുവിളിക്കുന്ന മറ്റാരുമില്ല.” സേതു രാമന്‍ തുടരുന്നു.

മറ്റു സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്കുളള രാഷ്ട്രീയാവസ്ഥയല്ല കേരളത്തിലെ മുസ്ലീംങ്ങള്‍ക്ക്. ഏറെ മുസ്ലീംങ്ങലുള്ള ഉത്തര്‍പ്രദേശിനു ഭരണരംഗത്ത് ആനുപാതികമായ മുസ്ലീം പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല എന്ന് പറയുന്ന മുന്‍ മലപ്പുറം ജില്ലാപൊലീസ് മേധാവി.കേരളത്തില്‍ മുസ്ലീംങ്ങള്‍ രാഷ്ട്രനിര്‍മാണത്തിന്‍റെ ഭാഗമാണ് എന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നു. “പാണക്കാട്ടേക്കോ കുഞ്ഞാലിക്കുട്ടി സാഹിബിന്‍റെ വീട്ടിലേക്കോ ഏതു നിമിഷവും ആര്‍ക്കും കയറിപോവാം. മന്ത്രി കെ ടി ജലീലിനോളം ലാളിത്യമുള്ള ഒരു ഇസ്ലാമികനില്ല. ആര്യാടന്‍ മുഹമ്മദിനെക്കാള്‍ മതേതരനായ മറ്റാരെങ്കിലുമുണ്ടോ” എന്ന് സേതു രാമന്‍ എഴുതുന്നു.

കേരളീയ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും മുസ്ലീംങ്ങള്‍ അവരുടേതായ പങ്കു വഹിക്കുന്നുണ്ട്. കേരളം അനുഗ്രഹീതമായൊരു നാടാണ്. മുസ്ലീം യുവത അതിനെ കൂടുതല്‍ സജീവവും ഊർജ്ജസ്വലവുമായോരിടമാക്കി മാറ്റുന്നു. യഥാര്‍ത്ഥ പ്രശ്നം ആളുകളെ ലേബല്‍ ചെയ്യുന്നതാണ് എന്നും സേതു രാമന്‍ പറഞ്ഞു.

മതതീവ്രവാദ ഘടകങ്ങൾ എല്ലാവരുടേയും ജീവിതത്തെ ദുഃഖകരമായി തീർക്കുന്നു. കുട്ടികളെ കുട്ടികളായും അമ്മമാരെ അമ്മമാരായും നോക്കാനവര്‍ക്ക് ആവുന്നില്ല. മുസ്ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ, ക്രിസ്ത്യൻ കുട്ടികൾ, നായർ കുട്ടികൾ എന്നിങ്ങനെ വേര്‍തിരിച്ചാണ് അവര്‍ എല്ലാം കാണുന്നത്. ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാൾ വലിയവനല്ല പ്രവാചകനോ ദൈവമോ. സേതുരാമന്‍ പറയുന്നു.

ബാഹ്യമായി അടിച്ചേൽപ്പിച്ച സ്വത്വമൊന്നും കൂടാതെ കുട്ടികളെയു ചെറുപ്പക്കാരെയും  സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാമോ? സേതു രാമന്‍ ആരായുന്നു. തന്‍റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഈ കുറിപ്പിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ