scorecardresearch
Latest News

ബന്ദിപൂർ യാത്ര നിരോധനം: ജനങ്ങളുടെ വികാരം ന്യായം, പ്രശ്നപരിഹാരത്തിന് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

CM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, CAB, citizen amendment bill, പൗരത്വ ബിൽ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബന്ദിപൂർ വനമേഖലയിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിൽ പരിഹാരം തേടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

“പ്രശ്നം പരിഹരിക്കാന്‍ ബദല്‍ പാത നിര്‍മിക്കുമെന്നാണ് പറയുന്നത്. പാത നിര്‍മിച്ചാല്‍ 44 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. അതും വനത്തില്‍ കൂടിതന്നെയാണ് കടന്നുപോകേണ്ടത്. അതിനാല്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിര്‍ദേശിച്ച് കേന്ദ്രപരിസ്ഥിതി-വനംവകപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തൽസ്ഥിതി തുടരുമെന്നാണ്‌ അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തെ ഇനിയും സമീപിക്കും. മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.”മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Also Read: മരട് ഫ്ലാറ്റ് വിഷയം: വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

ദേശീയപാത പൂര്‍ണമായും അടക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി അയച്ച കത്തില്‍ ഉള്ളത്. യാത്രാ മാര്‍ഗം അടയുകയും പകരം വഴികള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ വിവരണാതീതമായ പ്രശ്‌നങ്ങളാണ് ജനജീവിതത്തില്‍ ഉണ്ടാകുന്നത്. യാത്രാ മാര്‍ഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാര്‍ഗവും അടയും. ഈ വിഷയത്തില്‍ വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണെന്നും അത് കൊണ്ട്തന്നെയാണ് കേന്ദ്ര സര്‍ക്കാരിനോട് പ്രശ്‌ന പരിഹാരത്തിന് വീണ്ടും ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാത്രി യാത്രാ നിരോധനത്തിനെതിരേ യുവജന കൂട്ടായ്മയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ മൂന്നിന് ബത്തേരിയിലെ സമരപന്തലിലെത്തുമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. വന്‍ ജന പങ്കാളിത്തമാണ് ബത്തേരിയിലെ യുവജന കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ലഭിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala will approach central considering night travel ban in wayanad bandipur

Best of Express