ന്യൂഡൽഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സർവ്വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ് മോദിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. സംസ്ഥാനം മുന്നോട്ട് വച്ച നിരവധി ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ തീരുമാനം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

സംസ്ഥാനത്തിന്റെ റേഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തളളി. ഭക്ഷ്യഭദ്രത നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കുളള വിഹിതം അനുസരിച്ച് മാാത്രമേ കേരളത്തിനുളള വിഹിതവും നൽകാനാവൂ എന്നാണ് പ്രധാനമന്ത്രി നൽകിയ മറുപടി. പ്രത്യേകമായി യാതൊരു സഹായവും നൽകില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ല. ഇക്കാര്യത്തിൽ റെയിൽവേയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനിക്കാം എന്നാണ് പ്രധാനമന്ത്രി നൽകിയ മറുപടി. കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നുവെങ്കിലും ഇതിന് കാര്യമായ ഉറപ്പൊന്നും ലഭിച്ചിരുന്നില്ല.

കാലവർഷക്കെടുതിയിൽ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്ക് ആവശ്യമായ സഹായം നൽകാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പ്രത്യേക കേന്ദ്രസംഘത്തെ അയക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പരിശോധിച്ച് നിലപാടെടുക്കാം എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

ശബരിപാത പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യത്തിൽ നരേന്ദ്ര മോദി കേരളത്തെ കുറ്റപ്പെടുത്തിയാണ് നിലപാടെടുത്തത്. ശബരിപാതയ്ക്ക് കേരളം സ്ഥലം എടുത്ത് നൽകാൻ വൈകുന്നതാണ് പദ്ധതി വൈകാൻ കാരണമെന്ന് കേന്ദ്രം പറഞ്ഞു. പദ്ധതിക്ക് വേഗത്തിൽ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഈ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാനുളള ശ്രമം ഉപേക്ഷിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി. കേരളത്തിന് ഈ പൊതുമേഖലാ സ്ഥാപനം വിട്ടുനൽകണമെന്ന ആവശ്യം തളളിയ പ്രധാനമന്ത്രി സംസ്ഥാനത്തോട് ടെന്ററിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിന്റെ ഗ്രേഡ് ഉയർത്തുന്ന കാര്യം മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാട് കിട്ടിയിട്ടില്ല. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ വിഷയത്തിലും കേന്ദ്രത്തിൽ നിന്ന് നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.