തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ ശക്തമായി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ തുലാവർഷം എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയും ഇടിമിന്നലും ഉണ്ടാകും. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്.
- ഒക്ടോബര്‍ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
അതേസമയം, സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി), ഷോളയാര്‍, പെരിങ്ങല്‍കുത്ത് (തൃശൂര്‍) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി) കക്കി ആനത്തോട് (പത്തനംതിട്ട) അണക്കെട്ടുകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവില്‍. മൂഴിയാറില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ആനയിറങ്ങള്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.