ഗുലാബ് ചുഴലിക്കാറ്റ് കര തൊടാൻ ആരംഭിച്ചു; ആന്ധ്രയിൽ രണ്ട് മരണം; കേരളത്തിൽ യെല്ലോ അലർട്ട്

ഒഡീഷയിലും ആന്ധ്രയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Gulab Cyclone, Weather Update

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊടാൻ ആരംഭിച്ചു. കൊടുങ്കാറ്റിൽ ആന്ധ്രാ സ്വദേശികളായ രണ്ട് മീൻപിടിത്തക്കാർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. വടക്കൻ തീരദേശ ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിൽ നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് കൊടുങ്കാറ്റിൽ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ഇതിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

പലാസ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായി നീന്തി കരയിലേക്ക് എത്തിയതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഫിഷറീസ് മന്ത്രി എസ് അപ്പല രാജു നാവികസേനാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

വടക്കൻ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഗുലാബ്’ ചുഴലിക്കാറ്റ് ഇന്ന് അര്‍ധ രാത്രിയോടെ തിരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നനു. വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തു കലിംഗ പട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ ചുഴലിക്കാറ്റായിമണിക്കൂറിൽ പരമാവധി 95 കിലോ മീറ്റര്‍ വേഗതയിൽ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ഒഡീഷയിലും ആന്ധ്രയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • സെപ്റ്റംബർ 26: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.
  • സെപ്റ്റംബർ 27: ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • സെപ്റ്റംബർ 28: കണ്ണൂർ, കാസർഗോഡ്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

പ്രത്യേക ജാഗ്രത നിർദേശം

ചൊവ്വാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇന്ന് ഒഡീഷ, വടക്കൻ ആന്ധ്രപ്രദേശിൻറെ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Also Read: ‘ഗുലാബ്’ ചുഴലിക്കാറ്റ് ഞായറാഴ്ച ഒഡീഷ-ആന്ധ്ര തീരത്ത് കര തൊടും; കേരളത്തിലും ജാഗ്രത

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather yellow alert in eight districts

Next Story
ഇളവുകള്‍ ഇന്ന് മുതല്‍; ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാംCovid, Hotel, Lockdown
The moderation of comments is automated and not cleared manually by malayalam.indianexpress.com
X