മഴ തുടരുന്നു; മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു

Kerala weather, Rain
മലപ്പുറം കരിപ്പൂരിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് തകർന്ന വീട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി മാതംകുളത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ ചേന്നാരി അബൂബക്കർ സിദ്ധിഖിന്റെയും സുമയ്യയുടെയും മക്കളായ ദിയാന ഫാത്തിമ(എട്ട്), ലുബാന ഫാത്തിമ(ഏഴു മാസം) എന്നിവരാണ് മരിച്ചത്.

ചോനാരി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. മകൾ സുമയ്യയ്ക്കുവേണ്ടി നിർമിക്കുന്ന വീട് തകർന്ന് കല്ലും മണ്ണും മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞുവീണത്. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റ് അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു.

വടക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. മലപ്പുറം ജില്ലയിൽ ഇന്നലെ രാത്രി ഇടവേളയില്ലാതെ പെയ്ത മഴ ശക്തമായി തുടരുകയാണ്. പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. മധ്യ കേരളത്തിലും സമാന കാലാവസ്ഥയാണ്. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കൊല്ലത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊട്ടാരക്കര മുതല്‍ നിലമേല്‍ വരെ കടകളിലും വെള്ളം കയറി.

അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാത്രികാല യാത്രകള്‍ വ്യാഴാഴ്ച വരെ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 12: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 13: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 14: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • ഒക്ടോബര്‍ 13: ആലപ്പുഴ, കോട്ടയം.
  • ഒക്ടോബര്‍ 14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 15: കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 16: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

Also Read: വൈദ്യുതി പ്രതിസന്ധി: കൽക്കരി, വൈദ്യുതി മന്ത്രിമാരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates yellow orange alerts in districts

Next Story
നെടുമുടി വേണുവിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെNedumudi Venu Passes Away, Nedumudi venu, നെടുമുടി വേണു അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com