തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോ ജില്ലകളിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഇവിടങ്ങളിൽ ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ഇന്ന് രാവിലെ ആദ്യ ജാഗ്രതാ നിർദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ഒമ്പത് മണിക്ക് ജാഗ്രത നിർദേശം നൽകിയത്.
2390.88 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂന്ന് അടികൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും പിന്നീട് നാലടി കൂടി ഉയർന്നാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. റെഡ് അലർട്ട് ലെവലിൽ നിന്നും ഒരടി കൂടി ഉയർന്നാലാണ് ഷട്ടറുകൾ ഉയർത്തുക. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷിയെങ്കിലും 2398.86 അടിയാണ് റൂൾ കർവ് പ്രകാരം അനുവദിനീയമായ പരമാവധി ജലനിരപ്പ്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 16: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസര്‍ഗോഡ്.
- ഒക്ടോബര്‍ 16: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസര്‍ഗോഡ്.
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: തീ വില; ഇന്ധന നിരക്ക് ഇന്നും കൂട്ടി
നാളെ വരെ തെക്കൻ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.