കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ ഉണ്ടായത് കനത്ത നാശനഷ്ടം. ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ 12 പേരെയാണ് കാണാതായത്. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടിയത്. കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.
പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലേക്ക് വന്‍മരങ്ങള്‍ വരെ കടപുഴകിയെത്തി. പ്രദേശത്തെ പല വീടുകള്‍ക്കും കടകള്‍ക്കും പൂര്‍ണമായതോ, ഭാഗീകമായതോ ആയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകള്‍ പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്.
“കാവാലി ഭാഗത്ത് നിന്ന് ആറ് പേരെയാണ് നഷ്ടമായത്. അതില്‍ എന്റെ സഹപാഠിയുടെ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു എന്നാണ് വിവരം. മലയോരമേഖലകള്‍ ഒന്നിച്ച് ഉരുള്‍പൊട്ടിയതാണ് കൂട്ടിക്കലില്‍ വെള്ളം പൊങ്ങാന്‍ കാരണമായത്. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അപകടം,” പ്രദേശവാസി മനോരമ ന്യൂസിനോട് പറഞ്ഞു.