scorecardresearch
Latest News

ശക്തമായ മഴ രാത്രിയും തുടർന്നേക്കും; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു

ശക്തമായ മഴ രാത്രിയും തുടർന്നേക്കും; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലും രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളം താഴാത്തതിനാലു മുള്ള അപകട സാധ്യത നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്‌കൂളുകൾക്ക് നാളെ (നവംബർ-16) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ നാളെ നടത്താനിരിക്കുന്ന പൊതുപരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

പരീക്ഷകള്‍ മാറ്റി

വിവിധ ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സർവ്വകലാശാല (എംജി) ചൊവ്വാഴ്ച (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷാ കൺട്രോളറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കേരള സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകളും നീട്ടിവച്ചിരുന്നു. 22-ാം തിയതിയാണ് പരീക്ഷകള്‍ ആരംഭിക്കുക. ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കും.

തിരുവനന്തപുരത്ത് മണ്ണിടിച്ചിൽ; ട്രെയിനുകള്‍ റദ്ദാക്കി

ശക്തമായ മഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ തീരദേശ മേഖലയില്‍ മണ്ണിടിച്ചില്‍. വിഴിഞ്ഞത്ത് മണ്ണിടിച്ചിലില്‍ വീടുകള്‍ അപകടാവസ്ഥയിലായി. മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കോട്ടൂര്‍ സ്വദേശി രതീഷ് മരിച്ചു. 22 വയസായിരുന്നു. കരമനയാറ്റില്‍ നിന്നാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, വിഴിഞ്ഞം സ്വദേശി പീറ്ററിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. വീടിന്റെ ഒരു വശം മുഴുവനും അപകടാവസ്ഥയിലാണ്. സംഭവം നടന്നപ്പോള്‍ വീടിനുള്ളിലുള്ളവര്‍ ഓടി രക്ഷപെട്ടത് വലിയ അപകടം ഒഴിവാക്കി.

ഇറാനിയൽ – നാഗർകോവിൽ – കന്യാകുമാരി സെക്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും തിരുവനന്തപുരം സെൻട്രൽ – നാഗർകോവിൽ ജംഗ്ഷനില്‍ മണ്ണിടിച്ചിലുണ്ടായതും മൂലം വിവിധ ട്രെയിനുകള്‍ റദ്ദാക്കിയിതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കൊല്ലം – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയിലി എക്സ്പ്രസ് (16425) സര്‍വീസ് ഇന്നും നാളയും ഉണ്ടായിരിക്കില്ല. നാളത്തെ തിരുവനന്തപുരം സെന്‍ട്രല്‍ – നാഗര്‍കോയില്‍ ജംഗ്ഷന്‍ ഡെയിലി എക്സപ്രസും (16435) പൂര്‍ണമായും റദ്ദാക്കി.

മഴയ്ക്ക് ശമനമില്ല; ശബരിമലയിലേക്കുള്ള റോഡുകളില്‍ വെള്ളക്കെട്ട്; പമ്പ കരകവിഞ്ഞു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. പുനലൂര്‍– മൂവാറ്റുപുഴ, പന്തളം– പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കു സാധ്യത. റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 15: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം വയനാട്.
  • നവംബര്‍ 16: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

തെക്കു കിഴക്കൻ അറബികടലിലും തെക്കൻ കർണാടകത്തിനും വടക്കൻ തമിഴ്നാടിനും മുകളിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. തെക്കു കിഴക്കൻ അറബിക്കടലിൽനിന്ന് വടക്കൻ കേരളത്തിൽ കൂടിയും കർണാടക, തമിഴ്നാട് വഴി തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമര്‍ദപ്പത്തി നിലനിൽക്കുന്നു.

17നു മധ്യകിഴക്കൻ അറബിക്കടലിൽ ഗോവ- മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്‍ഡമാന്‍ കടലിൽ നിലവിലുള്ള ന്യൂനമര്‍ദം 17 ന് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 18ന് ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടും.

Also Read: കനത്ത മഴ: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സർവകലാശാലാ പരീക്ഷകൾക്കും മാറ്റം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather update heavy rain orange alert live updates