തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ അറബിക്കടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂനമര്‍ദം വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ പ്രഭാവത്തിൽ നാളെ വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന കോഴിക്കോട് കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മഴമൂലമുണ്ടായ ഗതാഗത തടസങ്ങൾ ഒഴിവാക്കിയതായി പൊലീസ് അറിയിച്ചു. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.
അതേസമയം, ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ മുല്ലപ്പെരിയാറിലെ ആറു ഷട്ടറുകളും 60 സെന്റിമീറ്റർ വീതം ഉയർത്തി. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. 3,005 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് താഴ്ന്നതിനാൽ മൂന്ന് ഷട്ടറുകൾ ഇന്നലെ രാത്രിയോടെ അടച്ചിരുന്നു. എന്നാൽ ശക്തമായ മഴ കാരണം നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതിനാലാണ് വീണ്ടും ഷട്ടറുകൾ ഉയർത്തിയത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 03: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.
- നവംബര്‍ 04: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 03: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 04: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
- നവംബര്‍ 05: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്.
- നവംബര്‍ 06: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്.
- നവംബര്‍ 07: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
Also Read: കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്ത മഴ; ജാഗ്രതാ നിർദേശം
കേരള, കർണാടക തീരത്ത് നവംബർ ഏഴ് വരെയും, ലക്ഷദ്വീപ് തീരത്ത് നവംബർ അഞ്ച് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
അതേസമയം, കെഎസ്ഇബിയുടെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവർ പെരിയാർ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), ഷോളയാര്‍ (തൃശൂര്‍), കക്കി ആനത്തോട് (പത്തനംതിട്ട) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെ മംഗലം, മീങ്കര, പീച്ചി ഡാമുകളിലും റെഡ് അലർട്ടാണ്.