scorecardresearch

Kerala Weather: ശക്തമായ മഴ തുടരും; ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്

കനത്ത മഴയെ തുടർന്ന് മുൻകരുതലെടുക്കാൻ കലക്ടർമാർക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്

Rain, Monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. അതിശക്തമായ മഴക്ക് സാധ്യതയുള്ള ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തില്‍ ഒഴികെ മറ്റു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മുതൽ ജൂലൈ 17 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ എറണാകുളത്തെ പല ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ മരം വീണ് പല വീടുകള്‍ തകർന്നു. മധ്യ കേരളത്തില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു..

യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 13: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂലൈ 14: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂലൈ 15: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂലൈ 17: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

കനത്ത മഴയെ തുടർന്ന് മുൻകരുതലെടുക്കാൻ കലക്ടർമാർക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കണം. മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി.

ഇന്ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ,അതിനോട് ചേർന്നുള്ള ആന്ധ്രാ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-ാം തിയതി വരെ തെക്ക് പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; വികസം ചര്‍ച്ചയാകും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates yellow alert july 13