scorecardresearch
Latest News

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുട്ടി മരിച്ചു

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുട്ടി മരിച്ചു

തിരുവനന്തപുരം: പാലോട് കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പത്ത് പേര്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരടങ്ങിയ സംഘത്തിലെ എട്ട് പേരെ രക്ഷപെടുത്തിയതായാണ് വിവരം. ആറ് വയസുള്ള കുട്ടി മരിച്ചു. കുട്ടിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീക്കായി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ചക്രവാതചുഴി: വ്യാഴാഴ്ച വരെ അതിശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാനുള്ള കാരണം.

ചൊവ്വ, ബുധന്‍, ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചേക്കുമെന്നും പ്രവചനമുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 04-09-2022: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
  • 05-09-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
  • 06-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 07-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
  • 08-09-2022: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

04-09-2022 നും 05-09-2022 നും: ലക്ഷദ്വീപ് തീരം, മാലിദ്വീപ് തീരം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06-09-2022 മുതൽ 08-09-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

07-09-2022 നും 08-09-2022 നും: വടക്ക് ആൻഡമാൻ കടലിലും, മധ്യ- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates september 04