scorecardresearch

ന്യൂനമര്‍ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കു കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴിയും നിലനിൽക്കുന്നു

ന്യൂനമര്‍ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഫൊട്ടോ: നിതിന്‍ ആര്‍ കെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ തുടരുന്നത്.

വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യൂന മർദമായി മാറിയേക്കും. ഞായറാഴ്ച അതിതീവ്രന്യൂന മര്‍ദമായും ശക്തി പ്രാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തുടർന്ന് വടക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞ് തിങ്കളാഴ്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടർന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് – വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ചൊവ്വാഴ്ചയോടെ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനടുത്തെത്തിയേക്കും.

തെക്കു കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴിയും നിലനിൽക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 21-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • 22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • 23-10-2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.

കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത് ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates october 21