തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ശനിയാഴ്ച (നവംബര്‍ അഞ്ച്) വരെ മഴ തുടര്‍ന്നേക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
- 02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- 03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം.
- 04-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്.
- 05-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ഇന്നും നാളെയും തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ശ്രീലങ്കൻ തീരം എന്നിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.