തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കരുത്താര്‍ജിച്ചതോടെ സംസ്ഥാനത്തു മഴ കനക്കും. ശക്തമായ മഴ പെയ്യുമെന്നതിനാല്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും വയനാട്ടില്‍ നാളെയും കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തു ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരും. ഇന്നലെ കൊച്ചി (20.2 മില്ലിമീറ്റര്‍), ആലപ്പുഴ (9.8), കോട്ടയം (6.8), തിരുവനന്തപുരം (2.3) മഴ ലഭിച്ചതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് തീവ്രമാകുമെന്നും തുടര്‍ന്നു മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെങ്കിലും കര്‍ണാടകതീരത്തു വിലക്കുണ്ട്
ചുഴലിക്കാറ്റ് വ്യാഴാഴ്ചവരെ വടക്കുപടിഞ്ഞാറുദിശയില്‍ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സഞ്ചരിച്ചശേഷം പിന്നീടു ബംഗ്ലദേശ്, മ്യാന്‍മര്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.