തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് മഴ സാധ്യത കൂടുതല്‍. അടുത്ത അഞ്ച് ദിവസം മഴ തുടരും.
മേയ് എട്ട്, 11 എന്നീ തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മെയ് ഒന്‍പത്, 10, 12 എന്നീ ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിലുള്ളത്.
പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അല്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 08-05-2023: കോഴിക്കോട്, വയനാട്.
- 11-05-2023: വയനാട്.
ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉള്‍ക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായും നാളെയോടെ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിച്ചേക്കും.