തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൂട് വര്‍ധിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ സംസ്ഥാനത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ ഇടങ്ങളില്‍ മഴ പെയ്തിരുന്നു. ചില ജില്ലകളില്‍ അതിശക്തമായ ഇടിയോടു കൂടിയുള്ള മഴയാണ് ലഭിച്ചത്.
കൊച്ചിയുടെ അന്തരീക്ഷത്തില്‍ വിഷപ്പുകയുടെ സാന്നിധ്യം ഉള്ള സാഹചര്യത്തില്‍ മഴ പെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. രാത്രി ഏഴ് മണിയോടെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയത്. മിനുറ്റുകള്‍ മാത്രമാണ് മഴ നീണ്ടു നിന്നത്.