scorecardresearch

Kerala Weather: അടുത്ത അഞ്ച് ദിവസവും മഴ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്

Kerala Weather: അടുത്ത അഞ്ച് ദിവസവും മഴ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയോര മേഖലകളിൽ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ അവിടെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസർഗോഡ്), കരവന്നൂർ (തൃശൂർ), ഗായത്രി (തൃശൂർ) എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാർ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചിൽ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും ജലനിരപ്പ് ഉയരുന്നുണ്ട്.

കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിൽ ഉള്ള അണക്കെട്ടുകളിൽ ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെ പരിസരങ്ങളിൽ റെഡ് അലെർട്ടും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് അണക്കെട്ട് പരിസരത്ത് ഓറഞ്ച് അലെർട്ടും ആണുള്ളത്. കോഴിക്കോട് കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മംഗലാപുരം പഞ്ചിക്കല്ലുവിലുണ്ടായ ഉരുള്‍പൊട്ടലിലാണ് മൂന്ന് മലയാളികള്‍ പരിച്ചത്. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ജോണി എന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കൊളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 07-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 08-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 09-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 10-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 11-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ഒഡിഷക്കും ഛത്തിസ്ഗഢിനും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥനത്ത് മഴ ശക്തമാകാൻ കാരണം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇടുക്കി ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് – കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates june 07