തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. ഇന്നും നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം. എന്നാൽ കാലവർഷത്തിന് മുന്നോടിയായുള്ള മഴ തുടർന്നേക്കും.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 21: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
- 22: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,വയനാട്, കണ്ണൂർ.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരള തീരം, ചേർന്നുള്ള തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്ന് മധ്യ കിഴക്കൻ അറബിക്കടലിലും ഞായറാഴ്ച മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ കർണാടക തീരം, തെക്കൻ കൊങ്കൺ തീരം എന്നിവിടങ്ങളിൽ സമാന കാലാവസ്ഥയായിരിക്കും. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മീൻപിടിക്കാൻ പോകരുതെന്ന് നിർദേശമുണ്ട്.
Also Read: ലക്ഷദ്വീപ് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 1526 കോടിയുടെ ഹെറോയിന്‍