തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ഇന്ന് ശ്രീലങ്കയിലെ ട്രിങ്കോമാലീ വഴി കരയിൽ പ്രവേശിച്ച് തുടർന്ന് കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുക.
പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നാളെ (26 ഡിസംബര്‍) ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ തുടര്‍ന്നേക്കും.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച കേരള-ലക്ഷദ്വീപ് തീരങ്ങളിലും ബുധനാഴ്ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചൊവ്വാഴ്ച കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്ക്.
ഇന്ന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്നാട് തീരം, കോമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
നാളെ തമിഴ്നാട് തീരം, കോമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും തെക്ക് കിഴക്കൻ അറബിക്കടൽ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റുണ്ടായേക്കും.