തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയുള്ള ഒറ്റപ്പെട്ട ശക്തായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴ പെയ്തേക്കുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മാൻദൗസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് പെട്ടെന്നുള്ള മഴയുടെ കാരണം.
ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു ഇന്ന് അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് വിവരം. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ.
ചുഴലിക്കാറ്റ്, കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ തമിഴ്നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള വിമാനങ്ങളും ഇവയിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിന്റെ പലഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്ന് തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തമിഴ്‌നാട്- പുതുച്ചേരി തീരം, തെക്കൻ ആന്ധ്രപ്രദേശ്, വടക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ ആന്ധ്രപ്രദേശ് തീരത്തോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.