scorecardresearch
Latest News

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മധ്യ കേരളത്തില്‍ ഉച്ചയോടെ മഴ കനക്കുമെന്നും പുലര്‍ച്ചവരെ തുടരാനും സാധ്യതയുണ്ടെന്നാണ് പ്രവചനം

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Photo: Nithin RK

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. മധ്യ കേരളത്തില്‍ ഉച്ചയോടെ മഴ കനക്കുമെന്നും പുലര്‍ച്ചവരെ തുടരാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ദിവസങ്ങളായി പ്രതികൂല കാലാവസ്ഥയായതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം.
  • 01-09-2022 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 31-08-2022: തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 01-09-2022: തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്.
  • 03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
  • 04-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ മൂന്നുവരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

31-08-2022 മുതൽ 01-09-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, തെക്കു-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്കു- കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

02-09-2022: കന്യാകുമാരി തീരം, ശ്രീലങ്കൻ തീരത്തുനിന്നു മാറി തെക്കു-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

31-08-2022 മുതൽ 03-09-2022 വരെ: മാലിദ്വീപ് പ്രദേശം, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കാൻ തയാറാവണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates august 31