scorecardresearch
Latest News

വടക്കൻ ജില്ലകളിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം

അടുത്ത ബുധനാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് നിലവിലെ പ്രവചനം

വടക്കൻ ജില്ലകളിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കണ്ണർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിൽ കനത്ത മഴ. കണ്ണൂര്‍ ജില്ലയിലെ നെടുംപൊയിലിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. വിലങ്ങാട് പുഴയിൽ വൻ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.

വിലങ്ങാട് വാളൂക്ക് മേഖലയിൽ വനത്തിൽ ഉരുള്‍പൊട്ടിയതായാണു സംശയം. വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിൽ മുങ്ങി. സ്ഥലത്തെ നിരവധി കടകളില്‍ വെള്ളം കയറി. സെമിനാരി കവലയിലും വലിയ മലവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിലങ്ങാട് മേഖലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മലപ്പുറത്ത് കരുവാരക്കുണ്ടിലെ കല്‍ക്കുണ്ട്, കേരളാംകുണ്ട് എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചിലുണ്ട്. ഒലിപ്പുഴ കവിഞ്ഞൊഴുകുകയാണ്. കണ്ണൂരിൽ മാനന്തവാടി– കൂത്തുപറമ്പ് ചുരംപാതയിലും മലവെള്ളപ്പാച്ചിലുണ്ട്.

സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിലും മഴ തുടരുകയാണ്. ബുധനാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് നിലവിലെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 27-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.
  • 28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
  • 29-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
  • 30-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം.
  • 31-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളില്‍ മീൻപിടിത്തത്തിനു തടസമില്ല.

പ്രത്യേക ജാഗ്രത നിർദേശങ്ങൾ

ഇന്ന് തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

അടുത്ത ബുധനാഴ്ച വരെ കന്യാകുമാരി തീരത്തും, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates august 27