തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കണ്ണൂർ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 26-08-2022:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- 27-08-2022: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
- 28-08-2022: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
- 29-08-2022: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- 30-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം.
വടക്കന്‍ കേരളത്തില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. അടുത്ത് പ്രദേശത്തുള്ള പല വീടുകളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കൊട്ടിയൂര്‍ വനമേഖലയോട് ചേര്‍ന്ന് ഉരുള്‍പ്പൊട്ടിയതാകാം ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നാണ് വിവരം.
കണ്ണൂരിന് പുറമെ പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെള്ളപ്പാച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ ഒഴുക്കില്‍ കൂറ്റന്‍ പാറകള്‍ ഉള്‍പ്പടെ ഒലിച്ചുപോയതായും വിവരമുണ്ട്. കൂടരഞ്ഞി ഉറുമി പുഴയില്‍ ഒഴുക്കില്‍പ്പെട്ട അഞ്ചു പേരെ രക്ഷപ്പെടുത്തി.
കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
ഇന്നും നാളെയും തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
28-08-2022 വരെ കന്യാകുമാരി തീരത്തും, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.