Latest News

Kerala Weather: കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം; കൊക്കയാറിൽ ഉരുൾപൊട്ടി എട്ടുപേരെ കാണാതായി

Kerala Weather Live Updates: ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ശക്തമായ മഴയാണ്

Kokkayar, Kerala Weather

Kerala Weather Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാപക നാശനഷ്ടം. ഇരു ജില്ലകളിലുമായി മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. കോട്ടയത്തെ കൂട്ടിക്കലിനു പുറകെ ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉരുൾപൊട്ടി എട്ടു പേരെ കാണാതായി. 17 പേരെ രക്ഷപ്പെടുത്തിയതായും വിവരം.

കൂട്ടിക്കലിനു സമീപത്തെ കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുൾപൊട്ടിയത്. മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒഴുകിപ്പോയി. രണ്ടു വീടുകളിൽനിന്നുള്ള അഞ്ച് കുട്ടികളെയും രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.

കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്താണ് സംഭവം. വീടുകൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ നാലു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായി മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ചത്. അതേസമയം ഏഴു പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. കാണാതായ 12 പേർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.

പ്ലാപ്പള്ളി, കാവാലി ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. പ്ലാപ്പള്ളിയിലാണ് കാര്യമായ നാശനഷ്ടം. ഇവിടെ മൂന്നു വീടുകൾ ഒലിച്ചുപോയി. കാണാതായവരിൽ ഒരു വീട്ടിലെ ആറു പേർ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഉരുൾപൊട്ടലിനെത്തുടർന്ന് പൂർണമായി ഒറ്റപ്പെട്ട കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി. വ്യോമസേനാ സംഘം ഉടൻ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോട് കരസേനാ ക്യാമ്പിൽനിന്നുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി കൂട്ടിക്കലിലേക്കു തിരിച്ചിട്ടുണ്ട്.

കൂട്ടിക്കലിലും കൊക്കയാറിലും ദേശീയ ദുരന്തനിവാരണ സേനാ സംഘങ്ങൾ എത്തിയിട്ടുണ്ട്. കരസനേയുടെ ഒരു സംഘവും കൂട്ടിക്കലിൽ എത്തി. കനത്ത മഴ കാരണം വ്യോമസേനയ്ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നം എയര്‍ ലിഫ്റ്റിങ് വൈകുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കൂട്ടിക്കലിലും കൊക്കയാറിലും നാളെ രാവിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയും വെളിച്ചക്കുറവും മഴയും രാത്രിയിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നതായും മന്ത്രി പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നു നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നൽകുമെന്നു മന്ത്ര വിഎൻ വാസവൻ പറഞ്ഞു.

തൊടുപുഴ അറക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ മൂന്നുങ്കവയൽ പാലത്തിൽനിന്നു കുത്തൊഴുക്കിൽ ഒലിച്ചുപോയി. തൊടുപുഴ റജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന യുവതിയും യുവാവും മരിച്ചു. യുവതിയുടെ മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് യുവാവിന്റെ മൃതദേഹം ലഭിച്ചത്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ പലയിടങ്ങളിലും തുടരുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ 20നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.

കോട്ടയത്ത് എ.സി കനാൽ കരകവിഞ്ഞു. എസി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. പൂഞ്ഞാർ, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയാണ്. പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി. ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിലാണ് മുങ്ങിയത്.

ഇടുക്കി പുല്ലുപാറക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

കുട്ടിക്കാനത്തിന് സമീപം പുല്ലുപാറ യിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടപ്പോൾ

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ശക്തമായ മഴയാണ്. പത്തനംതിട്ട റാന്നിയിൽ ബസ് സ്റ്റാൻഡിൽ വെള്ളംകയറി. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. നാളെയോടെ മഴ കുറയാനാണ് സാധ്യത.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: കുതിപ്പ് തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

തെക്കൻ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെയും ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Live Updates
10:58 (IST) 16 Oct 2021
കടലാക്രമണത്തിന് സാധ്യത

കേരള തീരത്ത് (പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശിയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

10:42 (IST) 16 Oct 2021
നാല് ജില്ലകളില്‍ അതിശക്തമായ മഴ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10:35 (IST) 16 Oct 2021
ആലപ്പുഴയില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു

വിയ്യപുരം മേഖലയില്‍ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിന് തകഴിയില്‍ അഞ്ച് മോട്ടോര്‍ ബോട്ടുകള്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്ടര്‍ കോസ്റ്റല്‍ പോലീസിന് നിര്‍ദേശം നല്‍കി. കുട്ടനാട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുള്ളവരെ താമസിപ്പിക്കുന്നതിന് ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

10:21 (IST) 16 Oct 2021
സര്‍ക്കാര്‍ എല്ലാവിധ സഹായവും നൽകും: മന്ത്രി വാസവൻ

കനത്ത മഴയെ തുടര്‍ന്നു നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നൽകുമെന്നു മന്ത്രി വിഎൻ വാസവൻ. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമ്പുകള തുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് സമയത്തും എല്ലാ സഹായങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ ജാഗരൂകരായി ഒപ്പമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും ഉദ്യോഗസ്ഥരെയോ ജനപ്രതിനിധികളയോ ദുരിതാശ്വാസ പ്രവർത്തകരെയോ അറിയിക്കണം. കൺട്രോൾ റൂമുകളിലേയ്ക്കും ഏതു സമയത്തും വിളിക്കാവുന്നതാണ്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ സന്നദ്ധ പ്രവർത്തകരും സജീമാണെന്നും മന്ത്രി പറഞ്ഞു.

10:18 (IST) 16 Oct 2021
ദുരന്തനിവാരണ സേനയെ വിവിധ ജില്ലകളില്‍ വിന്യസിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ സേനയെ വിവിധ ജില്ലകളിലായി വിന്യസിച്ചു.

10:15 (IST) 16 Oct 2021
കണ്‍ട്രോള്‍ റൂം ആരംഭിച്ചു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് നേരിടുന്ന പ്രകൃതി ക്ഷോഭം

കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

ഫോൺ നമ്പരുകൾ

80750 74340

94464 74714

88480 72878

80897 71652

99460 10595

94473 88159

85470 46467

ഫോണിലോ വാട്സ്ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.

10:13 (IST) 16 Oct 2021
പൂഞ്ഞാർ:കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്

9:47 (IST) 16 Oct 2021
ഗതാഗത തടസം നീക്കി

മരം വീണതിനെത്തുടർന്ന് വയനാട് ചുരത്തിലുണ്ടായ ഗതാഗത തടസം നീക്കി. മുക്കം, കൽപ്പറ്റ സ്റ്റേഷനുകളിലെ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

9:12 (IST) 16 Oct 2021
രാത്രി അതീവ ജാഗ്രത വേണം

വടക്കന്‍ കേരളത്തിലടക്കം രാത്ര മഴ ശക്തമായ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ജാഗ്രത വേണമെന്ന് നിര്‍ദേശം. മഴ തുടരുന്നതിനാല്‍ രാത്രി യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

8:59 (IST) 16 Oct 2021
രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള കാസർഗോഡ് വെള്ളരിക്കുണ്ട് മാലോത്ത് വില്ലേജിലെ കൊന്നക്കാട് കൂളിമട പ്രദേശത്തെ രണ്ടു കുടുംബങ്ങളെ ബന്ധു വീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു. വെള്ളരിക്കുങ്ങ് താലൂക്ക് പ്രദേശത്ത് ശക്തമായ മഴ പെയ്യുകയാണ്. വൈദ്യുതി നിലച്ചിട്ടുണ്ട്

8:40 (IST) 16 Oct 2021
റവന്യു മന്ത്രി കോട്ടയത്തേക്ക് തിരിച്ചു

ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഏറ്റവും രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കോട്ടയത്തേക്ക് യാത്ര തിരിച്ചു. അടുത്ത രണ്ടു നാള്‍ മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

8:29 (IST) 16 Oct 2021
കാഞ്ഞിരപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

അതിതീവ്ര മഴയില്‍ വന്‍ നാശനഷ്ടം സംഭവിച്ച കാഞ്ഞിരപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 33 അംഗങ്ങള്‍ ഉള്‍പ്പെട്ട കരസേനയുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

8:12 (IST) 16 Oct 2021
കാണായാതവരില്‍ കുട്ടികളും

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ എട്ട് പേരില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെട്ടതായി വിവരം.

8:01 (IST) 16 Oct 2021
മണിമലയില്‍ ആശങ്ക

മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നു. ടൗണില്‍ സ്ഥിതി ഗുരുതരമാകുന്നു. നിരവധി കുടുംബംഗങ്ങള്‍ ഒറ്റപ്പെട്ടതായി മന്ത്രി വിഎന്‍ വാസവന്‍

7:39 (IST) 16 Oct 2021
കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

ഉരുള്‍പൊട്ടല്‍ ഉണ്ടായ ഇടുക്കി കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏഴ് പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് വിവരമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഹിറ്റാച്ചി ഉപയോഗിച്ചുള്ള രാക്ഷാപ്രവര്‍ത്തനമാണ് ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7:28 (IST) 16 Oct 2021
ശബരിമലയില്‍ നിയന്ത്രണം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. 19-ാം തിയതി വരെ തീര്‍ത്ഥാടനം ഒഴിവാക്കാനാണ് നിര്‍ദേശം.

7:23 (IST) 16 Oct 2021
50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

അതിശക്തമായ മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മുണ്ടക്കയത്ത് 50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുണ്ടക്കയം നഗരമടക്കമുള്ള പ്രദേശത്ത് വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം രൂപപ്പെട്ടത്.

7:17 (IST) 16 Oct 2021
രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

ഇടുക്കിയില്‍ രാത്രി യാത്ര ഒഴിവാക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു. ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

7:11 (IST) 16 Oct 2021
തിരുവനന്തപുരത്തും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 390 സെന്റി മീറ്റര്‍ ഉയർത്തിയതായി ജില്ലാ കലക്ടര്‍ നവജോത് ഖോസെ അറിയിച്ചു. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

6:54 (IST) 16 Oct 2021
പാലായില്‍ വെള്ളക്കെട്ട്

കിഴക്കന്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലാ മീനച്ചിലാറില്‍ ജല നിരപ്പ് ഉയരുന്നു. കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ഉള്ളപ്പടെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

6:52 (IST) 16 Oct 2021
കാഞ്ഞിരപ്പള്ളിയില്‍ സൈന്യം എത്തി

കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ കാഞ്ഞിരപ്പള്ളിയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം എത്തി. രാത്രിയോടെ ദുരന്ത നിവാരണ സേനയും പ്രദേശത്ത് എത്തുമെന്നാണ് വിവരം.

6:43 (IST) 16 Oct 2021
തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

തൃശൂര്‍ ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ജനങ്ങൾ ഇത്തരം മേഖലകളിലേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്.

6:41 (IST) 16 Oct 2021
കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. പ്രദേശത്ത് ഏഴ് പേര്‍ മണ്ണിനടിയിലെന്ന് പ്രാഥമിക നിഗമനം. പൂവഞ്ചിയില്‍ അഞ്ച് വീടുകള്‍ ഒഴുകിപ്പോയതായും വിവരം.

6:38 (IST) 16 Oct 2021
പാലക്കാട്: നദി തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജില്ലയിലെ വിവിദ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ നദി തീരങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 15 സെന്റി മീറ്റർ വീതവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. ഇതിന് പുറമെ കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്റി മീറ്റര്‍ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകളും 32 സെന്റി മീറ്റര്‍ വീതവും ഉയര്‍ത്തി. ചുള്ളിയാർ ഡാമിലെ ഒരു ഷട്ടർ അഞ്ച് സെന്റി മീറ്ററും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 10 സെന്റി മീറ്ററുമാണ് തുറന്നിട്ടുള്ളത്.

6:29 (IST) 16 Oct 2021
മൃതദേഹങ്ങള്‍ കണ്ടെത്തി

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്ലാപ്പള്ളി ഒട്ടലാങ്കല്‍ ക്ലാരമ്മ ജോസഫ്, മരുമകള്‍ സിനി, സോന എന്നിവരാണ് മരണപ്പെട്ടത്. ക്ലാരമ്മയുടെ മകന്‍ മാര്‍ട്ടിനായുള്ള തിരച്ചില്‍ തുടരുകയാണ്. മാര്‍ട്ടിന്റെ മകളേയും കാണാതായിട്ടുണ്ട്.

6:17 (IST) 16 Oct 2021
സ്ഥിതി ഗൗരവതരം; സര്‍ക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുര: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാപ്രവർത്തനം ശക്തമാക്കാൻ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

5:49 (IST) 16 Oct 2021
കൂടുതല്‍ ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

5:45 (IST) 16 Oct 2021
സൈന്യത്തെ വിന്യസിച്ചു

33 പേരടങ്ങുന്ന കരസേന സംഘം കാഞ്ഞിരപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു. കാഞ്ഞിരപ്പള്ളി നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

5:41 (IST) 16 Oct 2021
ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍

കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പീരുമേട്ടിലേക്ക് ദുരന്ത നിവാരണ സേനയെ അയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. തൊടുപുഴ, മുട്ടം ഭാഗങ്ങളിലും മണ്ണിടിച്ചില്‍.

5:37 (IST) 16 Oct 2021
എരുമേലിയും വെള്ളത്തില്‍

സംസ്ഥാനത്ത് മഴക്കെടുതില്‍ വ്യാപക നാശനഷ്ടം. എരുമേലി നഗരത്തിലും വെള്ളക്കെട്ട്. കടകള്‍ക്കുള്ളില്‍ വെള്ളം കയറി.

5:29 (IST) 16 Oct 2021
മഴക്കെടുതി നേരിടാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം: അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂന മർദ്ദങ്ങളെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ആഞ്ച് റെസ്ക്യൂ കം ആംബുലൻസ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും, ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഗതാഗത മന്ത്രി ആൻ്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

5:26 (IST) 16 Oct 2021
കൂട്ടിക്കലിൽ നാവികസേനയുടെ സഹായം തേടി

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ എയർലിഫ്റ്റ് ചെയ്യാൻ കേരള ദുരന്ത നിവാരണ അതോറിറ്റി നാവികസേനയുടെ സഹായം തേടി. കാലാവസ്ഥയ്ക്കനുസരിച്ച് വിമാനം കൂട്ടിക്കലിലേക്കു തിരിക്കും. നാവികസേനാ മുങ്ങൽ വിദഗ്ധരെയും രക്ഷാ സംഘത്തെയും സംഭവസ്ഥലത്തേക്കു വിന്യസിക്കാൻ സജ്ജമാക്കി.

5:25 (IST) 16 Oct 2021
തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി

തൊടുപുഴ അറക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ മൂന്നുങ്കവയൽ പാലത്തിൽനിന്നു കുത്തൊഴുക്കിൽ ഒലിച്ചുപോയതിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം രണ്ടായി. തൊടുപുഴ റജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന യുവതിയും യുവാവുമാണ് മരിച്ചത്. യുവതിയുടെ മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

4:59 (IST) 16 Oct 2021
ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിർദേശങ്ങൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭിക്കും.

4:56 (IST) 16 Oct 2021
കാഞ്ഞിരപ്പള്ളി താലൂക്കിലെ ക്യാമ്പുകൾ

കാഞ്ഞിരപ്പള്ളി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഏന്തയാർ ജെ.ജെ മർഫി സ്കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്കൂൾ, കൊരട്ടി സെൻ്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവ. എൽ.പി സ്കൂൾ, കാപ്പാട് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

3:56 (IST) 16 Oct 2021
പൂർണമായും ഒറ്റപ്പെട്ട് കൂട്ടിക്കൽ

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഒൻപത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കൂട്ടിക്കൽ , കൂവപ്പള്ളി ഒഴികെ ഏകദേശം അറുപതോളം കുടുംബങ്ങളെ ക്യാംപുകളിൽ എത്തിച്ചു. കൂട്ടിക്കൽ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.

3:54 (IST) 16 Oct 2021
ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു തുടങ്ങി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു തുടങ്ങി. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി, ചങ്ങനാശേരി, കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെളളം ഉയരാനുള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.

3:38 (IST) 16 Oct 2021
ആലപ്പുഴ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പരുകള്‍ ചുവടെ.

ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ)

താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍

ചേര്‍ത്തല: 0478 2813103

അമ്പലപ്പുഴ: 0477 2253771

കുട്ടനാട്: 0477 2702221

കാര്‍ത്തികപ്പള്ളി: 0479 2412797

മാവേലിക്കര: 0479 2302216

ചെങ്ങന്നൂര്‍: 0479 2452334

3:34 (IST) 16 Oct 2021
കല്ലാർ ഡാം തുറക്കും

കനത്ത മഴ തുടരുന്ന സാഹചര്യത്തിഷ കല്ലാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ വൈകിട്ട് 3.30 മുതൽ 10 സെന്റി മീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് വെള്ളം പുറത്തേക്കു വിടും. കല്ലാർ, ചിന്നാർ പുഴകളുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

3:25 (IST) 16 Oct 2021
തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു, പെൺകുട്ടി മരിച്ചു

തൊടുപുഴ അറക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ മൂന്നുങ്കവയൽ പാലത്തിൽനിന്നു കുത്തൊഴുക്കിൽ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്

3:16 (IST) 16 Oct 2021
കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയുടെ സഹായം തേടി

കോട്ടയത്ത് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സേനയും സിവില്‍ ഡിഫന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കി.എയര്‍ഫോഴ്സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

3:05 (IST) 16 Oct 2021
കോട്ടയം ജില്ലയില്‍ മഴ തുടരുന്നു

കോട്ടയം ജില്ലയില്‍ മണിമല ആറിലൂടെ മഴവെള്ള സംഭരണി ഒഴുകി പോകുന്നു .

2:50 (IST) 16 Oct 2021
കൂട്ടിക്കലിൽ ഉരുൾപൊട്ടൽ, ഏഴുപേരെ കാണാതായി

കോട്ടയം കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടി ഏഴുപേരെ കാണാതായി. പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടിയത്. മൂന്നു വീടുകൾ ഒലിച്ചുപോയി.

2:23 (IST) 16 Oct 2021
മലമ്പുഴ ഡാം തുറന്നു; ജാഗ്രത നിർദേശം

മലമ്പുഴ ഡാം തുറന്ന സാഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കണ്ട്രോൾ റൂം അറിയിച്ചു

2:22 (IST) 16 Oct 2021
പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

തൃശ്ശൂരിലെ പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ജാഗ്രത പാലിക്കാൻ നിർദേശം.

2:22 (IST) 16 Oct 2021
പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി.

2:02 (IST) 16 Oct 2021
പത്തനംതിട്ട ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

2:00 (IST) 16 Oct 2021
ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം; അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പൊലീസ് സംവിധാനം പ്രവര്‍ത്തിക്കും.

അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം.

1:58 (IST) 16 Oct 2021
കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

8606883111

9562103902

9447108954

9400006700

ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.

Web Title: Kerala weather rain update heavy rain expected today alerts

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com