തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടാണ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ തുടരാൻ കാരണം.
രാത്രി 10 വരെയുള്ള സമയത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 11-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
- 12-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
- 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
- 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
- 15-04-2022: പത്തനംതിട്ട,വയനാട്
മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇന്ന് (ഏപ്രിൽ 11ന്) മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നവരെ ഈ വിവരം അറിയിക്കാനും കേരള തീരത്ത് നിന്ന് അകന്ന് കർണാടക – ലക്ഷദ്വീപ് തീരങ്ങളിലേക്ക് മാറുന്നതാകും ഉചിതം എന്ന് അറിയിക്കാനും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
ഏപ്രിൽ 11 മുതൽ ഏപ്രിൽ 12 അർദ്ധരാത്രി വരെ കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളതീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: Kerala Covid Cases 10 April 2022: സംസ്ഥാനത്ത് 223 പേര്‍ക്ക് കോവിഡ്; 2,211 സജീവ കേസുകള്‍