തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മൺസൂൺ പാത്തി തെക്കോട്ടു മാറി സജീവമായി നിൽക്കുന്നതും ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയും തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുമാണ് മഴ ശക്തമായി തുടരാൻ കാരണം. അടുത്ത അഞ്ചു ദിവസം കൂടി ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ജൂലൈ ആദ്യം മുതൽ കനത്ത മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നത്. ജൂണിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ലഭിച്ചതെങ്കിൽ ജൂലൈ ആദ്യ ആഴ്ചയിൽ തന്നെ അധികമഴ ലഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 53 ശതമാനം അധിക മഴ ലഭിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും അധിക മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് ദിവസമായി കനത്ത മഴ തുടരുന്ന കാസർഗോഡാണ് കൂടുതൽ മഴ (6.6 മി.മീ) ലഭിച്ചിരിക്കുന്നത്. സാധാരണയെക്കാൾ 139 ശതമാനം അധികമാണിത്. വടക്കൻ ജില്ലകളായ കണ്ണൂരിൽ 80 ശതമാനവും വയനാട്ടിൽ 47 ശതമാനവും അധിക മഴ ലഭിച്ചു.
അതേസമയം, ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
09-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
10-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
11-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
12-07-2022: കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്താം തീയതി വരെയും കർണാടക തീരങ്ങളിൽ 12 വരെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് അറിയിച്ചു.