scorecardresearch
Latest News

സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിൽ വീടുകൾ തകർന്നു, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ഒഡിഷക്കും ഛത്തിസ്ഗറിനും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥനത്ത് മഴ ശക്തമാകാൻ കാരണം

rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയുടെ മലയോരമേഖലകളിൽ ഉൾപ്പെടെ കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴയാണ് ലഭിച്ചത്. വടക്കൻ കേരളത്തിലും മഴ ശക്തമാണ്. ഒറ്റപെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ഒഡിഷക്കും ഛത്തിസ്ഗറിനും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥനത്ത് മഴ ശക്തമാകാൻ കാരണം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇടുക്കിയിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. ശക്‌തമായ മഴയിൽ ജില്ലയിലെ പതിനൊന്നു വീടുകൾ ഭാഗികമായി തകർന്നു. വണ്ടന്മേട്ടിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണു. ആളപായമില്ല. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാറിൽ മണ്ണിടിഞ്ഞു വീണ് രണ്ടു തവണ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ ബൊട്ടാണിക്കൾ ഗർഡനും പോലീസ് സ്റ്റേഷനും സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്.

മഴ ശക്തമായി തുടരുന്നതിനാൽ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുയിപ്പിക്കുന്നത് കളക്ടർ നിരോധിച്ചു. മരം വീണ് മൂന്നു പേർ മരിച്ചതോടെയാണ് നടപടി. കനത്ത മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞു വീണിടത്ത് ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇടുക്കിയുടെ മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

കണ്ണൂരിന്റെ മലയോരമേഖലകളിലും കനത്ത മഴ തുടരുകയാണ്. കൊട്ടിയൂർ മാനന്തവാടി റോഡിൽ പാൽച്ചുരം ചെകുത്താൻ റോഡിന് സമീപം കല്ല് ഇടിഞ്ഞുവീണ് വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിന് മുകളിൽ നിന്ന് വലിയ പാറക്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് കല്ല് മാറ്റാനുള്ള ശ്രമം തുടരുകയാണ്. തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ തൊഴിലാളി മണ്ണിനടിയിൽ പെട്ടു. മഴയെ തുടർന്ന് കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. ഇയാളെ പരുക്കുകളുടെ രക്ഷിച്ചു.

കടുത്തുരുത്തിയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വയനാട് പുൽപ്പള്ളിയിൽ റോഡിലേക്ക് മരം കടപുഴകി വീണു. കാൽനട യാത്രക്കാരൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അതേസമയം, വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇടവിട്ടുള്ള മഴയാണ് പല ജില്ലകളിലും ലഭിക്കുന്നത്. പാലക്കാട് ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ പത്താം തീയതി വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകാരുതെന്ന് നിർദേശമുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain forecast heavy rain continues alerts updates