തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റ്, തെക്ക് കിഴക്കൻ അറബികടലിൽ വടക്കൻ കേരള – കർണാടക തീരത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി, ഈ ചക്രവാതചുഴി മുതൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ് നാടിനും മുകളിലൂടെ നിലനിൽക്കുന്ന ന്യുന മർദ്ദപാത്തി, എന്നിവയുടെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ഉപതിരഞ്ഞെടുപ്പ നടക്കുന്ന തൃക്കാക്കരയിൽ തെളിഞ്ഞ കാലാവസ്ഥയാണ്.
കേരള തീരത്തുനിന്ന് ഇന്ന് മീൻപിടിക്കാൻ പോകാൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില സമയങ്ങളിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
തെക്കു-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ തെക്കു-പടിഞ്ഞാറ് അറബിക്കടലിലും സമാന കാലാവസ്ഥയായിരിക്കും. ഈ മേഖലകളില്‍ അറിയിപ്പുണ്ടാകുന്നതു വരെ മീൻപിടിത്തത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: തൃക്കാക്കര വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി, പോളിംഗ് ബൂത്തുകളിൽ നീണ്ട നിര